നിപ്പ വൈറസ്: രണ്ടുപേര്‍ കൂടി മരിച്ചതോടെ ആശങ്കയേറി: കോഴിക്കോട് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന് നിപ്പ വൈറസ് ബാധിച്ചതായി സംശയം

single-img
22 May 2018

നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട്ട് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചതോടെ ആശങ്കയേറി. കൂരാച്ചുണ്ട് സ്വദേശി രാജനും നാദാപുരം സ്വദേശി അശോകനുമാണ് മരിച്ചത്. ഇതോടെ പനിബാധിച്ച് കോഴിക്കോട്ടും മലപ്പുറത്തുമായി മരണം പതിനൊന്നായി.

അതേസമയം അശോകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല. കോഴിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ തന്നെ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ലിനിയുടെ മൃതദേഗം ബന്ധുക്കളില്‍ ചിലരെ മാത്രം കാണിച്ച് സംസ്‌കരിക്കുകയായിരുന്നു.

ആദ്യംവൈറസ് ബാധയുണ്ടായവര്‍ക്കൊപ്പം പേരാമ്പ്ര ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോഴാണ് രാജന് രോഗമുണ്ടായതെന്നാണ് സൂചന. നിപ്പ സ്ഥിരീകരിക്കപ്പെട്ട ഒരാളും ലക്ഷണങ്ങളോടെ ആറുപേരും ചികില്‍സയിലാണ്.

എയിംസില്‍ നിന്നുളള വിഗദ്ധ സംഘവും ഇന്ന് പേരാമ്പ്രയിലെത്തും. ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഡെങ്കിപ്പനി ബാധിക്കുന്ന മലപ്പുറത്തും പ്രതിരോധന നടപടികള്‍ ഊര്‍ജിതമാക്കി.

അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന് നിപ്പ വൈറസ് പനി ബാധിച്ചതായി സംശയം. കോഴിക്കോട് സ്വദേശി ഷമീറാണ് (27) ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനെ ഇന്ന് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയനാക്കും.

അതിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് ഡി.എം.ഒ ഡോ. പ്രീത പറഞ്ഞു. പേവാര്‍ഡിലെ പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചാണ് യുവാവിന് ചികിത്സ നല്‍കുന്നത്. രക്തസാമ്പിള്‍ ഉള്‍പ്പെടെ ഇന്ന് പരിശോധിക്കും. നിപ്പ പനി കാരണം കോഴിക്കോട്ട് സുഹൃത്ത് മരിച്ചതിനെ തുടര്‍ന്നാണ് താന്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയതെന്നാണ് യുവാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

തുടര്‍ന്നാണ് പ്രത്യേക മുറിയിലേക്ക് മാറ്റി ചികിത്സ തുടങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്. വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ യുവാവിനെ പരിശോധിച്ചു. നിപ്പ വൈറസ് പനി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ ആരോഗ്യവിഭാഗം തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്ന് കണ്‍ട്രോള്‍ റൂം തുറക്കും. ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പനി ക്ലിനിക്കുകളും ആരംഭിക്കും. ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അടിയന്തരയോഗം ഇന്ന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പനി ബാധിതരുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.