‘കോമ്രേഡ് ഇന്‍ അമേരിക്ക’യിലെ അജിപ്പനെ പോലെ അമേരിക്കയിലേക്ക് കടന്ന പഞ്ചാബുകാരന്‍; ഒരു മാസം കൊണ്ട് 11 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് അമേരിക്കയിലെത്തിയ ഇന്ത്യക്കാരനെ പിടികൂടി തിരിച്ചയച്ചു

single-img
22 May 2018

അമല്‍ നീരദ് ചിത്രം സിഐഎ കോമ്രേഡ് ഇന്‍ അമേരിക്കയിലെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച അജിപ്പനെ ഓര്‍മ്മയില്ലേ? പ്രണയിനിയെ തേടി അമേരിക്കയിലേക്ക് യാത്ര നടത്തുന്ന കഥാപാത്രം. അതുപോലെ യഥാര്‍ഥ ജീവിതത്തില്‍ അമേരിക്കയിലേക്ക് ഒരു ഇന്ത്യക്കാരന്‍ യാത്ര നടത്തി.

പഞ്ചാബിലെ കപൂര്‍ത്തല സ്വദേശി ഹര്‍പ്രീത് സിംഗിനെയാണ് അമേരിക്ക പിടികൂടി തിരിച്ചയച്ചത്. ഹര്‍പ്രീത് അമേരിക്കയിലെത്തിയത് പ്രണയിനിയെ തേടിയല്ല, മറിച്ച് യുഎസ് പൗരത്വത്തിന് വേണ്ടിയായിരുന്നു. ഒരു മാസം കൊണ്ട് 11 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ഹര്‍പ്രീത് അമേരിക്കയിലെത്തിയത്.

ബ്രസീലില്‍ നിന്ന് യാത്ര ചെയ്ത ഹര്‍പ്രീത് 10000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മെക്‌സിക്കോയിലെത്തിയത്. ബോട്ട് മാര്‍ഗം മെക്‌സിക്കോയില്‍ നിന്ന് യുഎസിലേക്ക് കടന്നു. 2016 ഓഗസ്റ്റ് 20നാണ് ഹര്‍പ്രീത് സ്വന്തം പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രസീലിലേക്ക് യാത്ര തുടങ്ങിയത്.

ബ്രസീലില്‍ നിന്ന് ബൊളീവിയയിലെത്തി. ഇവിടെ നിന്ന് റോഡ് മാര്‍ഗമാണ് പെറുവിലെത്തിയത്. ഹര്‍പ്രീതിനൊപ്പം ജലന്ദര്‍ സ്വദേശിയായ ഒരു ട്രാവല്‍ ഏജന്റുമുണ്ടായിരുന്നു. പെറുവില്‍ നിന്ന് ഇക്വഡോര്‍, കൊളംബിയ, പാനമ വഴി കോസ്റ്ററിക്കയിലെത്തി.

തുടര്‍ന്ന് ഹോണ്ടുറാസിലൂടെ ഗ്വാട്ടിമാലയിലും അവിടെ നിന്ന് മെക്‌സിക്കോയിലുമെത്തി. മെക്‌സിക്കോയില്‍ നിന്ന് ബോട്ട് യാത്രക്കിടെ പാസ്‌പോര്‍ട്ടും മറ്റ് സാധനങ്ങളും നഷ്ടമായി. കൂടെയുണ്ടായിരുന്ന ട്രാവല്‍ ഏജന്റ് വഴി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു. ഒടുവില്‍ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. അമേരിക്കയിലെത്തിയ ഹര്‍പ്രീത് 15 മാസം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ ജോലി ചെയ്തു. ഇതിന് ശേഷമാണ് പിടിയിലായത്.