35 വര്‍ഷമായി ഒരു ഡയലോഗെങ്കിലും പറയാനായി കാത്തിരുന്നു; ഒടുവില്‍ സ്വപ്‌നസാക്ഷാത്കാരമായത് സുരാജ് ചിത്രത്തിലൂടെ

single-img
22 May 2018

കഴിഞ്ഞ 35 വര്‍ഷമായി അഭിനയമോഹവുമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തൊഴിലെടുക്കുന്ന ആളാണ് ചെറുകുട്ടി. പല സിനിമകളിലും പാസ്സിങ്ങ് ഷോട്ടുകളില്‍ മാത്രമാണ് ചെറുകുട്ടിക്ക് അവസരം ലഭിച്ചത്. ഒരു ഡയലോഗ് പോലും ഇന്ന് വരെ പറയാന്‍ അവസരം ലഭിച്ചിട്ടില്ല.

എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ചെറുകുട്ടിയുടെ ദിവസവും വന്നു. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലൂടെ. പാലക്കാട്ട് മങ്കരയില്‍ ‘കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ’ ഷൂട്ടിങ് ലൊക്കേഷനില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ചെറുകുട്ടി എത്തിയത്.

മരണവീട്ടിലെ ഒരു രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ചില നാട്ടുവര്‍ത്തമാനങ്ങള്‍ ഉള്‍പ്പെടുത്താം എന്ന ആശയത്തില്‍ കൊള്ളാവുന്ന ആരെയെങ്കിലും കണ്ടെത്താന്‍ സംവിധായകന്‍ ജീന്‍ മാര്‍ക്കോസ് അസോസിയേറ്റ് പ്രതീഷ് കൃഷ്ണയോട് ആവശ്യപ്പെടുകയായിരുന്നു.

അനേകം മുഖങ്ങള്‍ക്കിടെയില്‍ നിന്നും പ്രതീഷ് കണ്ടെടുത്തത് ചെറുകുട്ടിയെ ആയിരുന്നു. ഡയലോഗ് പറഞ്ഞുകൊടുത്തു. ആദ്യ ടേക്ക് തന്നെ ഓക്കെയായി. സംവിധായകന്‍ ജീന്‍ മോണിറ്ററില്‍ വിഷ്വല്‍സ് നോക്കിയപ്പോള്‍ ആള്‍ തരക്കേടില്ലന്ന് കണ്ടു. തുടര്‍ന്ന് നാല് സീനുകളില്‍ കൂടി അഭിനയിക്കാന്‍ അവസരം കൊടുത്തു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് ഗ്രാമത്തിലെ നെന്മേനി സ്വദേശിയാണ്. ഭാര്യയും അഞ്ചു മക്കളുമുണ്ട്. സ്വപ്നം കുട്ടന്‍പിള്ളയുടെ ശിവരാത്രിയുടെ കൈവന്ന സന്തോഷത്തിലാണ് ചെറുകുട്ടി. പാട്ടും അഭിനയവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.

ചെറുകുട്ടിയുടെ അച്ഛന്‍ നാട്ടിലെ അറിയപ്പെടുന്ന കളിയച്ചനായിരുന്നു. സഹോദരര്‍ക്കൊപ്പം ചെറുകുട്ടിയും പരമ്പരാഗത കലകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കല കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകില്ലെന്ന് അറിയാവുന്നത് കൊണ്ട് കൂലിപ്പണിയും ചെയ്യും. കലാകാരനായി ജീവിച്ചു മരിക്കണം എന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം.