അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വിവാദം ആളിക്കത്തുന്നു

single-img
21 May 2018

 

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും വിവാദത്തില്‍. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലര്‍ നുഴഞ്ഞുകയറിയെന്ന ആരോപണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

ഒബാമ ഭരണകൂടത്തിലെ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും ട്രംപ് തുറന്നടിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഇന്ന് ഒപ്പുവെക്കുമെന്നും ട്രംപ് ട്വീറ്റ്‌ചെയ്തു. നിയമമന്ത്രാലയത്തിന് തന്നെയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും ട്രംപ് നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ട്. തന്റെ പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന വ്യാജ വാര്‍ത്ത പരക്കുന്നതിന് മുമ്പേ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ചാരന്‍ തന്റെ സംഘത്തില്‍ നിയോഗിക്കപ്പെട്ടുവെന്നും രാഷ്ട്രീയ ആവശ്യത്തിനായി വന്‍ കുഭകോണം നടന്നുവെന്നും ട്രംപ് മറ്റൊരു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.