ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തി പരാമര്‍ശം: എം.എം. ഹസനെതിരേ കേസെടുത്തു

single-img
21 May 2018

ശോഭനാ ജോര്‍ജിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസനെതിരെ സംസ്ഥാന വനിതാകമ്മീഷന്‍ കേസെടുത്തു. ഹസന്റെ പ്രസ്താവന അപകീര്‍ത്തിപരമാണെന്നു കാണിച്ച് ശോഭന ജോര്‍ജ് നല്‍കിയ പരാതിയിലാണ് നടപടി.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ജോര്‍ജിനെ മുമ്പ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 1991 ല്‍ ഡി.വിജയകുമാറിന് പകരം ശോഭനാ ജോര്‍ജ് സ്ഥാനാര്‍ഥിയായതിനെക്കുറിച്ച് ക്യാമറയ്ക്ക് മുന്നില്‍ പറയാന്‍ പറ്റില്ലെന്ന ഹസന്റെ പരാമര്‍ശമാണ് വിവാദമായത്.

എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഹസന്‍ പ്രതികരിച്ചു. സിപിഎം നേതാവ് അധ്യക്ഷയായിരിക്കുന്ന കാലത്തോളം വനിതാകമ്മീഷന് ആര്‍ക്കെതിരെയും കേസെടുക്കാം. ശോഭനാ ജോര്‍ജിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.

അതേസമയം 1991ലെ സ്ഥാര്‍ഥിത്വം സംബന്ധിച്ച എം.എം.ഹസന്റെ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കുമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയുമെന്നും ശോഭന പറഞ്ഞു.