പുതിയ വിവാദവുമായി കുമ്മനത്തിന്റെ സെക്രട്ടറി: ‘കേരളത്തില്‍ നിപ്പാ വൈറസിന് കാരണം ബംഗ്‌ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണോ എന്ന് അന്വേഷിക്കണം’

single-img
21 May 2018

കുമ്മനം രാജശേഖരന്റെ സെക്രട്ടറിയും ബിജെപിയുടെ സംസ്ഥാന മീഡിയ കോര്‍ഡിനേറ്ററുമായ ആര്‍ സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കേരളത്തില്‍ നിപ്പാ വൈറസ് പ്രചരിക്കുന്നതിന് പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണോ എന്ന പോസ്റ്റാണ് വിവാദത്തിലായിരിക്കുന്നത്.

പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സന്ദീപ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ പ്രവര്‍ത്തകരും നേതാക്കളും കേരളത്തില്‍ വിദ്വേഷം പരത്തുകയാണെന്നാണ് വിമര്‍ശനം. കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചു.

ബംഗഌദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം വൈറസ് ബാധക്ക് കാരണമാണോ എന്ന് അന്വേഷിക്കണം എന്നാണ് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബംഗ്ലാദേശ്, റോഹിങ്ക്യ തുടങ്ങിയ എല്ലാത്തരം കുടിയേറ്റങ്ങള്‍ക്കും എതിരെയുള്ള ബിജെപിയുടെ നിലപാടാണ് സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും വ്യക്തമായിരിക്കുന്നത്.

സന്ദീപിന്റെ ഫെയ്‌സ്ബുക്ക് ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ ന്യായീകരണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബംഗ്ലാദേശില്‍ നിപ്പാ വൈറസ് മൂലം 2004ല്‍ 150 പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സന്ദീപിന്റെ പോസ്റ്റ് എന്നാണ് ന്യായീകരണം.

നിപ്പാ വൈറസ് ആദ്യം കണ്ടെത്തിയത് മലേഷ്യസിങ്കപ്പൂര്‍ മേഖലയിലാണെന്നാണ് ഡാറ്റകള്‍ സ്ഥിരീകരിക്കുന്നത്. ഈ പ്രദേശത്ത് നിപ്പാ സ്ഥിരീകരിച്ച് ഏതാണ്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബംഗ്ലാദേശിലേക്ക് ഇത് എത്തുന്നതും വ്യാപകമായി പ്രചരിച്ചതും.

ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് സന്ദീപ്. സന്ദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് എതിരെ നിരവധി മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി. സന്ദീപിന്റെ രാഷ്ട്രീയം അറിയാത്തതല്ല, പക്ഷെ ഇന്നയാള്‍ നടുക്കിക്കളഞ്ഞുവെന്നാണ് മീഡിയ വണ്ണിലെ മാധ്യമ പ്രവര്‍ത്തകനായ നിഷാദ് റാവുത്തര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.