പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില: ഇന്ധന വില കുതിക്കുന്നത് റോക്കറ്റ് വേഗത്തില്‍

single-img
21 May 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില തുടര്‍ച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 73 പൈസയും ഡീസലിന് 73 രൂപ65 പൈസയുമാണ് വില.

കൊച്ചിയില്‍ പെട്രോളിന് 79രൂപ 29 പൈസയും ഡീസലിന് 72 രൂപ 22 പൈസയുമാണ്. കണ്ണൂരില്‍ പെട്രോളിന് 79രൂപ 65 പൈസയും ഡീസലിന് 72 രൂപ 65 പൈസ. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്ന് ദിനംപ്രതി ഇന്ധനവില ഉയരുകയാണ്.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര പെട്രോളിയം മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. രാജ്യമാകെ വിലക്കയറ്റഭീഷണി നേരിടുന്ന സാഹചര്യത്തിലാണിത്. തുടര്‍ച്ചയായ ഇന്ധനവിലവര്‍ധന രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഉയര്‍ത്തുകയും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുകയും ചെയ്യും.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് കൂടുതല്‍ ഡോളര്‍ വേണ്ടിവരുന്നത് രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില സമീപഭാവിയില്‍ തന്നെ ബാരലിന് 90 ഡോളറാകുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ പെട്രോള്‍,ഡീസല്‍ വില വീണ്ടും കുതിച്ചുയരും.