നിപ്പാ വൈറസ് കണ്ടെത്തിയത് എങ്ങനെ: ചരിത്രം നോക്കാം…

single-img
21 May 2018

1997 ന്റെ തുടക്കം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ മലേഷ്യന്‍ കാടുകളെ വരള്‍ച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യന്‍ നരിച്ചീറുകള്‍ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി.

ചെറിയ കാര്‍ഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ അധികം വൈകാതെ മലേഷ്യയിലെ വന്‍ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികള്‍ കൂട്ടമായി മരണത്തിന് കീഴടങ്ങി.

എന്നാല്‍ സത്യത്തില്‍ ഈ അവസ്ഥ ഏറെ ഭീഷണിയായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോഴാണ്. ഇരുന്നൂറില്‍ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതില്‍ നൂറിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വര്‍ധിച്ചു.

പ്രാരംഭ ഘട്ടത്തില്‍ ജപ്പാന്‍ജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികള്‍ ശരിയായ രീതിയില്‍ സ്വീകരിക്കാന്‍ മലേഷ്യക്കായില്ല. ജപ്പാന്‍ ജ്വരത്തിന് കാരണമായ ക്യൂലക്‌സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികള്‍ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.

ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടര്‍ന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവന്‍. ആര്‍എന്‍എ വൈറസ് ആണ്.

ഈ വൈറസിനെതിരെ പ്രയോഗിക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യന്‍ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാര്‍ഗം.

മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ തകര്‍ച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികള്‍ക്ക് മലേഷ്യന്‍ നരിച്ചീറുകളില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യന്‍ നരിച്ചീറുകളില്‍ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങള്‍.

2001 മുതലുള്ള കണക്കാണിത്. പലപ്പോഴും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളില്‍ പോയിട്ടുണ്ട്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

നിപ്പ ബാധിച്ച് ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും, ശാരീരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറക്കണം.

മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ detergent ഓ ഉപയോഗിച്ചു കഴുകേണ്ടതാണ്.

കിടക്ക, തലയിണ എന്നിവ പോലെയുള്ളവ സൂര്യപ്രകാശത്തില്‍ കുറച്ചധികം ദിവസം ഉണക്കേണ്ടതാണ്.
ആരോഗ്യവകുപ്പ് ഈ വിഷയത്തില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.

ഒരിക്കലും പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട പൗരനെന്ന നിലയില്‍ നമുക്ക് കരുതല്‍ സ്വീകരിക്കാം. വാലും തലയുമില്ലാത്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങള്‍ അറിഞ്ഞു വയ്ക്കാം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാം …

കടപ്പാട് : ഡോ. അരുണ്‍ മംഗലത്ത്