നിപ്പാ വൈറസും പകര്‍ച്ചപ്പനിയും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

single-img
21 May 2018

കേരളത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി നിപ്പാ വൈറസ് പനി പകരുന്നു. വവ്വാലുകള്‍ വഴി പകരുന്ന ഹെനിപ ഇനത്തില്‍പ്പെട്ട നിപ്പ വൈറസിന് ഇതുവരെ പ്രതിരോധ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

എന്താണ് നിപ്പാ വൈറസ്

മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. 1998ല്‍ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിലാണ് ആദ്യം ഇത് കണ്ടെത്തുന്നത്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാന്‍ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.

പ്രധാന ലക്ഷണങ്ങള്‍

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. ചിലര്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കും. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി കഴിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.

3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

4. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവാക്കാതിരിക്കുക.

5. പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.

6. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

7. പനി ബാധിച്ചവരുടെ ശരീരം സ്പര്‍ശിച്ചവര്‍ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവര്‍ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന നിപ്പാ രോഗബാധകള്‍

2001 സിലിഗുഡി (ഇന്ത്യ): രോഗം ബാധിച്ചവര്‍66, മരിച്ചവര്‍45

2011 ബംഗ്ലദേശ്: രോഗം ബാധിച്ചവര്‍56, മരിച്ചവര്‍50