ജഡ്ജി ലോയയുടെ മരണം; സ്വതന്ത്ര അന്വേഷണം വേണമെന്ന പുനപരിശോധനാ ഹര്‍ജിയുമായി ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍

single-img
21 May 2018

സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം വിലക്കിയ സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍. സുപ്രീം കോടതിയെത്തന്നെയാണ് അസോസിയേഷന്‍ മുന്‍ ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്.

കോടതിയുടെ വേനല്‍ അവധിക്കുശേഷം ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന കോടതി നിലപാട് ജനാധിപത്യ മൂല്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഇതു ജൂഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തുന്നതാണെന്നും അസോസിയേഷന്‍ പറയുന്നു.

സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഹൃദയാഘാതം വന്നാണ് ജഡ്ജി ലോയ മരിച്ചതെന്നാണ് കേസിലെ അന്വേഷണ ആവശ്യം തള്ളിക്കൊണ്ട് ഏപ്രില്‍ 19ലെ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ച് പറഞ്ഞത്. ക്രോസ് വിസ്താരം നടത്താത്ത ജില്ലാ ജഡ്ജിമാരുടെ പ്രസ്താവനയെ ആശ്രയിച്ചാണ് കോടതി ഉത്തരവെന്നും അസോസിയേഷന്‍ വ്യക്തമാക്കി.