ലിനി ശരിക്കും ഒരു മാലാഖയാണ്; മരണം മുന്നിലുണ്ടെന്നറിഞ്ഞിട്ടും രോഗിയെ ധീരതയോടെ പരിപാലിച്ച മാലാഖ: പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ, അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ അവള്‍ ‘യാത്രയായി’

single-img
21 May 2018

പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെ, ജീവന് തുല്യം സ്‌നേഹിച്ച പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിയാതെയാണ് കഴിഞ്ഞ ദിവസം ലിനി എന്നെന്നേക്കുമായി യാത്രയായത്. ലിനി ശരിക്കും ഒരു മാലാഖ തന്നെയാണ്.

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താന്‍ പരിചരിച്ച സാബിത്ത് എന്ന രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്.

വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ജോലി ചെയ്യുന്ന സജീഷ് കഴിഞ്ഞ ദിവസം രാവിലെ തന്നെ നാട്ടിലെത്തിയെങ്കിലും ആര്‍ക്കും ഒരു നോക്ക് പോലും ലിനിയെ കാണാനായില്ല. കാണുന്നത് പോലും അപകടമാണെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ അവള്‍ എരിഞ്ഞടങ്ങുകയായിരുന്നു.

അഞ്ചും രണ്ടും വയസ്സുള്ള റിഥുല്‍, സിദ്ധാര്‍ഥ് എന്നിവരാണ് ലിനിയുടെ മക്കള്‍. അമ്മയ്ക്ക് പലപ്പോഴും ആശുപത്രിയില്‍ രാത്രി ജോലിയുണ്ടാവാറുണ്ടെന്ന് റിഥുലിനും സിദ്ധാര്‍ഥിനും അറിയാം. രണ്ട് മൂന്ന് ദിവസമായി അവര്‍ അമ്മയെ കാണുന്നില്ലെങ്കിലും ആശുപത്രിത്തിരക്കിലാണെന്നൊക്കെ പറഞ്ഞ് ആ കുട്ടികളെ വിശ്വസിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥ് ഇടക്കിടെ കരയുന്നുവെങ്കിലും അമ്മ ഇപ്പോള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വലിയ പ്രശ്‌നക്കാരനാവുന്നില്ല. ഇത് കാണുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ വീട്ടിലെത്തുന്നവരുടെ ചങ്ക് പിടയുകയാണ്.

അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം മോചിതരായിട്ടില്ല. ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പെ അച്ഛന്‍ മൂന്ന് പെണ്‍മക്കളെ അനാഥമാക്കി മരണപ്പെട്ടതോടെയാണ് ലിനി ആതുരശുശ്രൂഷ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. നല്ല ഒരു നഴ്‌സ് ആവാന്‍ ജനറല്‍ നഴ്‌സിങ് പോരെന്ന് കണ്ട് ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങും പൂര്‍ത്തിയാക്കിയിരുന്നു.

ഇതിനായെടുത്ത ബാങ്ക് ലോണ്‍ പോലും ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ ഈയടുത്താണ് ലിനിയും കുടുംബവും അടച്ച് തീര്‍ത്തത്. ഇതിന്റെ ബാധ്യതകളും ഇപ്പോഴും ബാക്കി. കോഴിക്കോട് മിംമ്‌സ് അടക്കമുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയെങ്കിലും കടം വാങ്ങേണ്ട അവസ്ഥ.

ലോണ്‍ തിരിച്ചടക്കാന്‍ വഴിയില്ല. ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ അധികൃതര്‍ വീട്ടിലേക്ക് നോട്ടീസയക്കാന്‍ തുടങ്ങി. മറ്റ് വഴിയില്ലാതെ എന്‍.ആര്‍.എച്ച്.എം സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി.

ഇത് ഏകദേശം ഒരു വര്‍ഷത്തോളമാകന്നുതേയുള്ളൂ. അതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും രോഗീപരിചരണത്തില്‍ മുന്നിലായിരുന്നു ലിനി സിസ്റ്ററെന്ന് സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതിന് ലിനി വിലകൊടുക്കേണ്ടി വന്നതും സ്വന്തം ജീവന്‍ തന്നെയായിരുന്നു.

ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.