വീടില്ലാത്തവര്‍ക്ക് മാത്രമായി ഒരു ഗ്രാമം

single-img
21 May 2018

വീടില്ലാത്തതിനാല്‍ വഴിവക്കില്‍ അന്തിയുറങ്ങേണ്ടി വരുന്നവര്‍ക്കായി ഒരു ഗ്രാമം തന്നെ ഒരുക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു സാമൂഹ്യസംഘടന. ഇംഗ്ലണ്ടിലെ എഡിന്‍ബര്‍ഗിലാണ് സോഷ്യല്‍ ബൈറ്റ് എന്ന സംഘടന വീടുകള്‍ ഒരുക്കിയിരിക്കുന്നത്.

ഗ്രാന്റണിലെ ഒഴിഞ്ഞ പ്രദേശത്തായി വീടില്ലാത്തവര്‍ക്ക് താമസിക്കാന്‍ 10 വീടുകളാണ് നിര്‍മ്മിച്ചത്. ലിവിങ് റൂം, അടുക്കള, ബാത്ത്‌റൂം, രണ്ട് ബെഡ് റൂമുകള്‍, പുറത്തൊരു ചെറിയ പൂന്തോട്ടം എന്നിവയാണ് വീടുകളിലുള്ളത്. വീടൊരുക്കുന്നതിനൊപ്പം താമസക്കാര്‍ക്ക് മികച്ച സാമൂഹിക ചുറ്റുപാടും ഒരുക്കുക എന്ന ലക്ഷ്യം കൂടി സോഷ്യല്‍ ബൈറ്റ് സംഘടനയ്ക്കുണ്ട്.

നല്ലൊരു ജോലി കണ്ടെത്താനും ഇവരെ സംഘടന സഹായിക്കും. ഒരു വര്‍ഷത്തേക്കാണ് വീടില്ലാത്തവര്‍ക്ക് താമസിക്കാന്‍ അനുമതിയുള്ളത്. ഈ കാലയളവിനുള്ളില്‍ താമസക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കും.

ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും ഹോളിവുഡ് നടന്‍ ലിയോണാര്‍ഡോ ഡി കാപ്രിയോയുടെയും സഹായത്തോടെയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നതെന്ന് സംഘടന അറിയിച്ചു.