ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ കെട്ടിയിട്ട് തല്ലിക്കൊന്നു: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

single-img
21 May 2018

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ കെട്ടിയിട്ട് തല്ലിക്കൊന്നു. രാജ്‌കോട്ടിലാണ് സംഭവം. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. മുകേഷ് ജോലി ചെയ്തിരുന്ന ഫാക്ടറിയിലെ ജീവനക്കാരാണ് ഉടമയുടെ നിര്‍ദേശപ്രകാരം മര്‍ദിച്ചത്.

എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള ഈ ഞെട്ടിക്കുന്ന വിഡിയോ പങ്കുവച്ചത്. മുകേഷിന്റെ ഭാര്യയ്ക്കും അതിക്രൂരമായ മര്‍ദനമേറ്റെന്ന് മേവാനി ട്വീറ്റ് ചെയ്തു. വിവിധ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് ‘ഗുജറാത്ത് ദലിതര്‍ക്ക് സുരക്ഷിതമല്ല’ എന്ന ഹാഷ്ടാഗോടെയുള്ള മേവാനിയുടെ ട്വീറ്റ്. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്.

ഓടി രക്ഷപ്പെടാന്‍ സമ്മതിക്കാതെ കെട്ടിയിട്ട കയറിന്റെ അറ്റം വലിച്ചുപിടിച്ചു കൊണ്ട് ഒരാള്‍. മറ്റൊരാള്‍ നീളന്‍ വടി കൊണ്ട് തലങ്ങും വിലങ്ങും തല്ലുന്നു. മര്‍ദനമേല്‍ക്കുന്നയാള്‍ അതിദയനീയമായി കരഞ്ഞിട്ടും മര്‍ദനം നിര്‍ത്തുന്നില്ല. കയ്യുയര്‍ത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ പിന്നീടൊരിക്കല്‍ കൂടി കൈ ഉയര്‍ത്താന്‍ സമ്മതിക്കാത്ത വിധം കനത്ത മര്‍ദനം വീണ്ടും. മര്‍ദിച്ച് തളര്‍ന്നപ്പോള്‍ അയാള്‍ക്കു പകരം ബലിഷ്ഠനായ മറ്റൊരാള്‍.

ഉന സംഭവത്തേക്കാള്‍ ഭീകരമാണു രാജ്‌കോട്ടിലെ മര്‍ദനമെന്നും മേവാനി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ കുറിച്ചു. ‘ഉനയില്‍ നിരപരാധികളെ മറ്റുള്ളവര്‍ക്കു മുന്നിലിട്ട് മര്‍ദിച്ച് നാണം കെടുത്തുകയാണുണ്ടായത്. എന്നാല്‍ ഇവിടെ ജാതിയുടെ പേരിലുള്ള ആക്രമണത്തില്‍ ഒരാള്‍ക്കു ജീവന്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പഴയകാല തെറ്റുകളില്‍ നിന്നു ഗുജറാത്ത് സര്‍ക്കാര്‍ ഇനിയും പാഠം പഠിച്ചിട്ടില്ല…’ മേവാനി കുറിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഞ്ചു പേരെ പിടികൂടി ചോദ്യം ചെയ്യുകയാണ്.