മരിച്ചുപോയ ആരാധകന്റെ ആദരാഞ്ജലി പോസ്റ്ററുകള്‍ മതിലില്‍ ഒട്ടിക്കാന്‍ തെരുവിലേക്കിറങ്ങി ചിമ്പു; വീഡിയോ വൈറല്‍

single-img
21 May 2018

സാമൂഹ്യപ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് ചിമ്പു. കാവേരി പ്രശ്‌നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതിരുന്നപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. സഹതാരങ്ങള്‍ക്ക് വേണ്ടി മാത്രമല്ല തന്റെ ആരാധകരുടെ എന്ത് ആവശ്യത്തിനും ഒപ്പം നില്‍ക്കാന്‍ ചിമ്പു തയ്യാറാണ് എന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

ആരാധകന്റെ മരണത്തെ തുടര്‍ന്ന് ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കാനായി ചിമ്പു തന്നെ നേരിട്ട് തെരുവിലേക്കിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിമ്പുവിന്റെ ആരാധകനായ മതന്‍ എന്ന യുവാവ് മരിച്ചത്. ഇതേ തുടര്‍ന്ന് മതന്റെ സുഹൃത്തുക്കള്‍ മതിലില്‍ ആദരാഞ്ജലി പോസ്റ്ററുകള്‍ ഒട്ടിക്കുകയായിരുന്നു.

ഈ സമയം അതുവഴി കാറില്‍പോയ ചിമ്പു ഇത് കാണുകയും കാര്‍ നിര്‍ത്തി ഇറങ്ങി വന്ന് മതന്റെ പോസ്റ്റര്‍ മതിലില്‍ ഒട്ടിക്കാന്‍ സഹായിക്കുകയുമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മണിരത്‌നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.