തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ മര്യാദയും ലംഘിച്ചു; കര്‍ണാടക ജനത ബി.ജെ.പി അധികാരത്തില്‍ വരാനാണ് ആഗ്രഹിച്ചത്: അമിത് ഷാ

single-img
21 May 2018

കര്‍ണാടകയിലെ ജനങ്ങള്‍ ബിജെപിയെയാണ് തിരഞ്ഞെടുത്തതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരഞ്ഞെടുപ്പ് ഫലം ഏതുരീതിയില്‍ നോക്കിയാലും കോണ്‍ഗ്രസിന് എതിരാണെന്നും കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് മാത്രമല്ല, ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലായിരുന്നു. ഇതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ തുനിഞ്ഞതെന്നും അമിത് ഷാ പറഞ്ഞു. ജനതാദള്‍ എസിന്റെ മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസിനെതിരായിരുന്നു.

ജനതാദള്‍ ജയിച്ചത് കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയതു കൊണ്ടാണ്, ഇതും വ്യക്തമാക്കുന്നത് ഫലം കോണ്‍ഗ്രസിന് എതിരാണ് എന്നാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പോലും തോറ്റുപോയി. എന്നിട്ടും കോണ്‍ഗ്രസ് തോല്‍വി ആഘോഷിക്കുകയാണ്.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ മര്യാദകളും ലംഘിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായും പിഎഫ്‌ഐയുമായും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. ഹിന്ദുക്കളെ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.