നിപാ വൈറസ്: സംസ്ഥാനമാകെ ജാഗ്രതാ നിര്‍ദേശം നല്‍കി

single-img
21 May 2018

തിരുവനന്തപുരം: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമാകെ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗം പടരാതിരിക്കാന്‍ ഓരോ ജില്ലയിലും ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രാവ പരിശോധന നടത്തണമെന്നാണ് പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമം നടത്താനും ആശുപത്രികളില്‍ ശുചിത്വം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. വൈറസ് ബാധയേറ്റവര്‍ക്കും, വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

അതിനിടെ നിപാ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. അതേസമയം ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്ക്യാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്റേയും സാബിത്തിന്റേയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും മലപ്പുറം സ്വദേശികളായ രണ്ട് പേരും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്.

പകരുന്നതെങ്ങനെ ∙ വവ്വാലുകളിൽനിന്നു മൃഗങ്ങളിലേക്ക് (കടിയിലൂടെ)

∙ മൃഗങ്ങളിൽനിന്നു മറ്റു മൃഗങ്ങളിലേക്ക് (സ്രവങ്ങളിലൂടെ)

∙ വവ്വാലുകളിൽനിന്നു മനുഷ്യരിലേക്ക് (വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെ)

∙ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

∙ മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് (സ്രവങ്ങളിലൂടെ)

ലക്ഷണങ്ങൾ ∙ പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം.

∙ ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും.

∙ ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും.

∙ തുടർന്ന് അബോധാവസ്ഥ. ∙ മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം.

സൂക്ഷിക്കുക ∙ പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്.

∙രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം.

∙ രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം.

∙ വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്.

നിപ്പാ വൈറസും പകര്‍ച്ചപ്പനിയും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിപ്പാ വൈറസ് കണ്ടെത്തിയത് എങ്ങനെ: ചരിത്രം നോക്കാം…