പെട്രോൾ ഡീസൽ വില വീണ്ടും കുത്തനെ കൂട്ടി; കർണാടകയിലെ ‘ക്ഷീണം തീരുന്നതുവരെ’ കൂട്ടുമോ മോദി സർക്കാരേ…..

single-img
20 May 2018

വീണ്ടും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില. തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വർധിക്കുന്നത്. ഇന്ന് 34 പൈസ കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.35 രൂപയിലെത്തി. ഡീസല്‍ വില ലിറ്ററിന് 73.34 രൂപയുമായി. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. പിന്നിട്ട ഏഴു ദിവസവും വില വർധനയുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണു സൂചനകൾ. കർ‌ണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുൻപുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല.

ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കു‌ണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ പകുതിയോളം നികുതികളാണ്. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു യുഎസ് പിന്തിരിഞ്ഞതു രാജ്യാന്തര എണ്ണ വിപണിക്കു ദീർഘകാല ഭീഷണിയാണ്.