കര്‍ണാടക മന്ത്രിസഭാ രൂപീകരണം; ജെഡിഎസ് കോണ്‍ഗ്രസ് ധാരണ;കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രിമാര്‍.

single-img
20 May 2018


ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് ധാരണയായതായി സൂചന. കോണ്‍ഗ്രസിന് ഇരുപതും ജെഡിഎസിന് പതിമൂന്നും മന്ത്രിമാര്‍. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും.

മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ മുഖ്യപരിഗണന ലഭിക്കുകയെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ആര്‍ക്കായിരിക്കും എന്നതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്നാണ് വിവരം. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നത് വ്യക്തമല്ല. ഡി.കെ ശിവകുമാറിന്റെ പേരും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ബുധനാഴ്ചയാണ് അധികാരമേല്‍ക്കുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ.

തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മെയ് 21 രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പങ്കെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.വിശാല പ്രതിപക്ഷ ഐക്യത്തിലെ നേതാക്കള്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. മമത ബാനര്‍ജി,മായാവതി,അഖിലേഷ് യാദവ്,ചന്ദ്രബാബു നായിഡു,ചന്ദ്രശേഖര്‍ റാവു,തേജസ്വി യാദവ്,എം കെ സ്റ്റാലിന്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞക്കെത്തും.