അപൂർവ പനി: മരണം മൂന്നായി;രക്തസാമ്പിളുകളുടെ ഫലം നാളെ വരും

single-img
20 May 2018

പേരാമ്പ്ര ∙ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ അപൂർവ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് ജില്ലയിൽ രണ്ടുദിവസത്തിനിടെ മൂന്നുപേർ വൈറൽ പനി പിടിപെട്ടു മരിച്ചു. നോർത്ത് കാരശേരി, കുറ്റിക്കാട്ടൂർ, കൊമ്മേരി എന്നിവിടങ്ങളിലാണു മരണം.

മരണകാരണം അപൂര്‍വയിനം വൈറസ് ബാധയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഏതുതരം വൈറസാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തരുതെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, പനി ബാധിച്ച്‌ മരിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം നാളെ പുറത്തുവരും. ഇതിന് ശേഷമെ ഏതുതരം വൈറസാണ് മരണകാരണമായതെന്ന് വ്യക്തമാവുകയുള്ളൂ. കേന്ദ്രത്തില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. ഇതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘവും പരിശോധന നടത്തി.