ബിജെപിക്കെതിരെ രജനികാന്ത്;കര്‍ണാടകത്തിലേത് ജനാധിപത്യത്തിന്റെ വിജയം

single-img
20 May 2018

ചെന്നൈ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നതില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഇതുവരെ രൂപം നല്‍കിയിട്ടില്ല. പക്ഷേ എന്തും നേരിടാന്‍ സജ്ജമാണെന്നും ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.