യെദ്യൂരപ്പ രാജിവെക്കുമെന്ന് സൂചന

single-img
19 May 2018

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെക്കുമെന്ന് സൂചന. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വിശ്വാസ വോട്ട് നേടുന്നതിനായി എട്ട് എം.എല്‍.എമാരെക്കൂടി ബി.ജെ.പി പക്ഷത്തേക്ക് കൊണ്ടുവരാന്‍ എല്ലാ സാധ്യതകളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെയാണ് രാജിയിലേക്ക് നിങ്ങുന്നതെന്നാണ് സൂചന. യെദിയൂരപ്പക്ക് എതിരെ ആരോപണങ്ങള്‍ ഉയരുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടവരുത്താതെ രാജി വെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് കേന്ദ്ര ബി.ജെ.പി നേതാക്കളും പ്രകടിപ്പിച്ചതെന്ന് അറിയുന്നു.

‘കാണാതായ’ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിങ്ങിനെയും പ്രതാപ് ഗൗഡയേയും നിയമസഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയതോടെ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ഭൂരിപക്ഷം തെളിയിക്കാനാകാത്ത സാഹചര്യമുണ്ടായാല്‍ യെഡിയൂരപ്പയ്ക്ക് സഭയ്ക്കു മുന്നില്‍ അവതരിപ്പിക്കാനായി രാജിക്കത്ത് തയാറാക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. 13 പേജുള്ള രാജിപ്രസംഗം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഭൂരിപക്ഷം ലഭിച്ചാല്‍ സഭയെ അദ്ദേഹം ഒരു മണിക്കൂര്‍ അഭിസംബോധന ചെയ്യും.

അതിനിടെ, എംഎല്‍എമാരായ ആനന്ദ് സിങ്ങിനെയും പ്രതാപ് ഗൗഡയേയും ബെംഗളൂരുവിലെ ഹോട്ടലില്‍ കണ്ടെത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെയെത്തി അനുനയശ്രമം നടത്തിയിരുന്നു. ബിജെപിയുടെ സോമശേഖര്‍ റെഡ്ഡിയാണ് ഇവര്‍ക്കൊപ്പം ഹോട്ടലിലെത്തിയതെന്നാണു വിവരം.

എന്നാല്‍ ആനന്ദ് സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബിജെപി പിടിച്ചുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടക ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ അകത്തേക്കു കടത്തിവിട്ടില്ല. ഹോട്ടലിലെത്തി വിപ്പു നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

നേരത്തെ, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീല്‍ ആരോപിച്ചിരുന്നു. ബസ് യാത്രക്കിടെയാണ് യെദ്യൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന് എം.എല്‍.എ മാരോടൊപ്പം വന്നാല്‍ മന്ത്രിപദവി തരാമെന്നും വാഗ്ദാനം ചെയ്‌തെന്നാണ് പാട്ടീല്‍ ആരോപിച്ചിരിക്കുന്നത്.

ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യെദ്യൂരപ്പയുട മകന്‍ വിജയേന്ദ്ര കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എം.എല്‍.എമാരുടെ ഭാര്യമാരെ വിളിച്ചാണ് വിജയേന്ദ്ര പണം വാഗ്ദാനം ചെയ്തത്.

15കോടി രൂപയാണ് വിജേയന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതോടെ മൂന്ന് ശബ്ദരേഖകളാണ് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.

ശബ്ദരേഖയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ:

യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. !ഞങ്ങള്‍ക്കൊപ്പം വരൂ. മന്ത്രിയാക്കാം. അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം.

പാട്ടീല്‍: ഞാന്‍ ബസിലാണ് അണ്ണാ. പുറത്തിറങ്ങാനാവില്ല. എനിക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്. അവരുടെ കാര്യം എങ്ങനെയാണ് ?

യെദ്യൂരപ്പ: അവരുടെ എല്ലാവരുടേയും കാര്യം ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും എന്നറിയാമല്ലോ. ആദ്യം നിങ്ങള്‍ ഇറങ്ങി വരൂ.

അതേസമയം വിവാദങ്ങളും ആരോപണങ്ങളും തുടരുന്നതിനിടെ കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം. നാലുമണിക്ക് വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസം ആവര്‍ത്തിച്ച് ബി.ജെ.പിയും ശക്തിതെളിയിക്കുമെന്ന് ഉറച്ച് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യവും നീങ്ങുന്നു.