രാജ്യം ഉറ്റുനോക്കുന്ന വിശ്വാസവോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം: കോണ്‍ഗ്രസിനു ആശ്വാസമേകി വിട്ടുപോയ എംഎല്‍എമാര്‍ മടങ്ങിയെത്തി

single-img
19 May 2018

കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ഇന്ന് നാലുമണിക്ക്. 12 എംഎല്‍എ മാരെ മാറ്റി നിര്‍ത്തുകയോ രാജി വയ്പിക്കുകയോ ചെയ്യുകയാണ് വോട്ടെടുപ്പ് ജയിക്കാന്‍ ബിജെപിക്ക് മുന്നിലുള്ള വഴി. പ്രതിപക്ഷത്തെ ലിംഗായത്ത് എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാനാണ് കരുനീക്കം. ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. അതിനു ശേഷം നാലുമണിയോടെയാണ് വിശ്വാസവോട്ടെടുപ്പ്.

അതേസമയം വിശ്വാസ വോട്ടെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിനു ആശ്വാസമേകി വിട്ടുപോയ എംഎല്‍എമാര്‍ മടങ്ങിയെത്തി. ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലുമാണ് മടങ്ങിയെത്തിയത്. ബെല്ലാരി വിജയനഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആനന്ദ് സിംഗിനെ സാമ്പത്തിക ക്രമക്കേടിനു കേസ് എടുക്കുമെന്നു ഭീഷണിപ്പെടുത്തി ബിജെപി തട്ടിയെടുത്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍നിന്ന് ആരോഗ്യപ്രശ്‌നം പറഞ്ഞു പോയ റെയ്ച്ചൂരിലെ മസ്‌കിയില്‍ നിന്നുള്ള അംഗം പ്രതാപ് ഗൗഡ പാട്ടീലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതിനിടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നും കോണ്‍ഗ്രസ്‌ജെഡിഎസ് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു.

നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ ബി.എസ്. യെദിയൂരപ്പയ്ക്കു വേണ്ടതു 111 എംഎല്‍എമാരുടെ പിന്തുണയാണ്. ബിജെപിക്കു 104 പേരേ ഉള്ളൂ. പ്രാദേശിക പാര്‍ട്ടിയായ കെപിജെപിയുടെ ഒരാളും ഒരു സ്വതന്ത്രനുമാണു മുഖ്യ സഖ്യങ്ങള്‍ക്കു പുറത്തുള്ളത്. കെപിജെപി അംഗം ഇരുപക്ഷത്തിനും മാറിമാറി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

224 അംഗ കര്‍ണാടക നിയമസഭയില്‍ 222 സീറ്റിലാണു തെരഞ്ഞെടുപ്പു നടന്നത്. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി രണ്ടിടത്തുനിന്നു ജയിച്ചതിനാല്‍ സഭയുടെ പ്രായോഗിക അംഗബലം 221 മാത്രം. ഇതില്‍ 111 മതി ഭൂരിപക്ഷത്തിന്. കോണ്‍ഗ്രസിന് 78, ജെഡിഎസിന് 36, ബിഎസ്പിക്ക് ഒന്ന് എന്നിങ്ങനെ യാണു പ്രതിപക്ഷ സഖ്യത്തിലെ അംഗബലം. മൊത്തം 116.

അതേസമയം, കര്‍ണാടകയില്‍ യഡിയൂരപ്പയ്ക്ക് പിഴച്ചാല്‍ ദക്ഷിണേന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അത് കനത്ത തിരിച്ചടിയാകും. അധികാരത്തിനുവേണ്ടി ഏതറ്റവും പോകുമെന്ന ചീത്തപ്പേരും പാര്‍ട്ടിയില്‍ മോദി അമിത്ഷാ അച്ചുതണ്ടിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. മറിച്ച് വിജയം വരിച്ചാല്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഒന്നുമില്ലായ്മയില്‍ നിന്ന് ഭരണത്തിലേറുന്ന അമിത്ഷായുടെ ചാണക്യതന്ത്രങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാകുമത്.

കേവലഭൂരിപക്ഷമില്ലതെയാണ് മൂന്നുവട്ടവും യഡിയൂരപ്പ കന്നഡമണ്ണില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയത്. 2004ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മറികടന്ന് കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കി. കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് സഖ്യസര്‍ക്കാരിനെ യഡിയൂരപ്പ താഴെയിറക്കി. അവഗണനയുടെ മുറിവേറ്റാണ് യഡിയൂരപ്പ 2008ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടതും ഏറ്റവും വലിയ ഒറ്റകക്ഷിയായതും. ഇതെല്ലാം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും യഡിയൂരപ്പ മാത്രമായിരുന്നു.

എന്നാല്‍ ഇന്ന് കണക്കൂകൂട്ടലുകളുമായി അമിത്ഷായും മോദിയും യഡിയൂരപ്പയ്ക്ക് പിന്തുണയുമായുണ്ട്. അതുകൊണ്ടുതന്നെ ഫലം എന്തായാലും കൂടുതല്‍ ബാധിക്കുന്ന മോദി അമിത്ഷാ അച്ചുതണ്ടിനെയാണ്. കുതിരക്കച്ചവടവും ചാക്കിട്ടുപിടുത്തവുമെല്ലാം ബി.ജെ.പിയെ ദേശീയതലത്തില്‍ നാണം കെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജയമല്ലാതെ മറ്റൊന്നും അമിത്ഷാ പ്രതീക്ഷിക്കുന്നില്ല.