സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം

single-img
19 May 2018

കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിലൂടെ ഭരണത്തിലേറാന്‍ ശ്രമിക്കുന്ന ബിജെപിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ അസഭ്യവര്‍ഷവുമായി സംഘപരിവാര്‍.

അസഭ്യവര്‍ഷവും തെറിവിളിയുമായി കേരളത്തില്‍ നിന്നും നിരവധി സംഘപരിവാര്‍ അനുകൂലികളാണ് യെച്ചൂരിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തെ കടുത്ത ഭാഷയിലാണ് യെച്ചൂരി വിമര്‍ശിച്ചത്.

ബിജെപിക്ക് കുതിരക്കച്ചവടം എളുപ്പമാക്കുന്നതിനാണ് നരേന്ദ്രമോഡി 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയതെന്നായിരുന്നു യെച്ചൂരിയുടെ പരിഹാസം. നോട്ട് നിരോധനം ആര്‍ക്കും ഗുണമുണ്ടാക്കിയില്ലെന്നാരു പറഞ്ഞു എന്ന ജയചന്ദ്രന്റെ കാര്‍ട്ടൂണിനൊപ്പമായിരുന്നു പോസ്റ്റ്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അസഭ്യവര്‍ഷം തുടങ്ങി. റണ്‍ യെച്ചൂരി റണ്‍ കണ്ടം വഴി ഓട് എന്ന ഹാഷ്ടാഗിലായിരുന്നു ആക്രമണം. മലയാളത്തിലായിരുന്നു മിക്ക കമന്റുകളുമെന്നതാണ് ഏറെ രസകരം.

ഇതിന് മുന്‍പ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാക്കളുടെ ഫേസ്ബുക്ക് പേജിലും എംഎം മണിയുടെ പേജിലും സംഘപരിവാര്‍ അണികള്‍ തെറിവിളിയും അസഭ്യവര്‍ഷവുമായി രംഗത്തെത്തിയിരുന്നു.