സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

single-img
19 May 2018

ഏപ്രില്‍ 21ന് നടന്ന ആക്രമണത്തില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് അഭ്യൂഹം. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. റിയാദിലെ കൊട്ടാരത്തില്‍ വെച്ച് നടന്ന വെടിവെയ്പ്പില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളച്ചു കയറിയെന്നും തുടര്‍ന്ന് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ സംഭവത്തിന് ശേഷം പൊതുവേദികളില്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നത് ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതിന് കാരണമാകുന്നുണ്ട്. യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ പ്രഥമ സന്ദര്‍ശനത്തില്‍ സൗദി രാജകുമാരന്റെ അസാന്നിദ്ധ്യം ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം രാജകൊട്ടാരത്തില്‍ നടന്ന വെടിവെയ്പ്പിന് ശേഷം സൗദി രാജകുമാരന്റെ പുതിയ വാര്‍ത്തകളോ, ചിത്രങ്ങളോ സൗദി അധികാരികള്‍ പുറത്ത് വിട്ടിട്ടില്ല എന്നുള്ളതും സംശയകരമാണ്. റിയാദിലെ സൗദി കൊട്ടാരത്തില്‍ നിന്നും വെടിയൊച്ച ശബ്ദം കേട്ടതായി മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍ പറന്ന ഡ്രോണ്‍ ക്യാമറ സുരക്ഷാ ജീവനക്കാര്‍ വെടിവെച്ചിട്ടതാണെന്നാണ് സൗദി അധികാരികള്‍ വ്യക്തമാക്കിയത്. എന്നാല്‍ സംഭവം നടന്നപ്പോള്‍ തന്നെ രാജകുമാരന്‍ അടുത്തുള്ള മിലിട്ടറി ക്യാമ്പിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സംഭവത്തിന് ഒരാഴ്ച്ച ശേഷം നടന്ന റിസോര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ സൗദി രാജാവിനൊപ്പം രാജകുമാരനുള്ള ചിത്രങ്ങള്‍ സൗദി അധികാരികള്‍ പുറത്ത് വിട്ടിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കിടയില്‍ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇറാനും സൗദിയും.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാനുമായി യുദ്ധസാധ്യത ഉണ്ടെന്ന് സൗദി രാജകുമാരന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കൊട്ടാര പരിസരത്ത് സംശയകരമായ രീതിയില്‍ ഡ്രോണ്‍ ക്യമറ പറന്നതും പിന്നീട് നടന്ന വിവാദങ്ങളും.