നാണംകെട്ട് ബിജെപി: സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി: രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞു

single-img
19 May 2018

ബംഗളുരു: ഒടുവില്‍ യെദ്യൂരപ്പ രാജിവെച്ചു. രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴുഞ്ഞു. നിയമസഭയില്‍ വിശ്വാസവോട്ട് നേടുന്നതിന് മുന്നോടിയായുള്ള പ്രസംഗത്തില്‍ അതിനാടകീയമായാണ് ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്.

പ്രസംഗത്തില്‍ വികാരാധീനനായി യെഡിയൂരപ്പ രക്തസാക്ഷി പരിവേശം നേടാനുള്ള ശ്രമവും നടത്തിയാണ് പിന്‍മാറ്റം. നിയമസഭയില്‍ കണ്ണീരൊഴുക്കിയ യെഡിയൂരപ്പ കര്‍ഷകര്‍ക്കും നാടിനുമായി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രസംഗമാണ് നടത്തിയത്. ജനങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചു, കര്‍ഷകരക്ഷ പദയാത്രകള്‍ നടത്തി-–അദ്ദേഹം വികാരാധീനനായി പറഞ്ഞു.

അവസാനം വരെ കര്‍ഷകര്‍ക്കായി പൊരുതും. കോണ്‍ഗ്രസിനും ദളിനും ജനാധിപത്യത്തില്‍ വിശ്വാസമില്ല. ആറരക്കോടി ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്. ഗവര്‍ണര്‍ ക്ഷണിച്ചത് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് ബിജെപി മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എല്ലാ സീറ്റിലും ജയിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ രാജിക്ക് നിര്‍ബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെദ്യൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.