‘പ്രോട്ടെം സ്പീക്കറായി ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യയെ നിയമിച്ചത് വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാന്‍’: സുപ്രീം കോടതി വിധിക്കായി കാതോര്‍ത്ത് കര്‍ണ്ണാടക

single-img
19 May 2018

പ്രോ–ടെം സ്പീക്കറുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ പ്രത്യേക ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഇന്നു വൈകിട്ടു തന്നെ കര്‍ണാടകയിലെ ബി.എസ്.യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടണമെന്ന് ഇന്നലെ ഉത്തരവിട്ട അതേ ബഞ്ചാണിത്. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്ന കീഴ്വഴക്കം ഗവര്‍ണര്‍ വാജുഭായി വാല ലംഘിച്ചെന്നാണ് ഹര്‍ജിയിലെ വാദം. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനായി കപില്‍ സിബലും അഭിഷേക് സിംഗ്വിയുമാണ് വാദിക്കുന്നത്.

പ്രോട്ടെം സ്പീക്കറായി ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യയെ നിയമിച്ചത് കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ വാദിച്ചു. ബൊപ്പയ്യയുടെ സാന്നിദ്ധ്യത്തില്‍ എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് അദ്ദേഹം നേതൃത്വം വഹിക്കരുതെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.