വിശ്വാസവോട്ടെടുപ്പില്‍ പ്രോടെം സ്പീക്കറെ പേടിച്ചേ പറ്റൂ: കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് എംഎല്‍എമാരെ രക്ഷപ്പെടുത്താനും ഭരിക്കുന്ന പാര്‍ട്ടിയെ അധികാരത്തിലിരുത്താനും സ്പീക്കര്‍ക്ക് കഴിയും

single-img
19 May 2018

ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിര്‍ണ്ണായക സ്ഥാനമാണ് പ്രോടെം സ്പീക്കര്‍ക്കുള്ളത്. വിശ്വാസവോട്ടെടുപ്പിന്റെ നടപടികള്‍ പ്രോടെം സ്പീക്കര്‍ സ്ഥാനമേറ്റശേഷമാണ് തുടങ്ങുക. പുതിയ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും തിരഞ്ഞെടുക്കപ്പെടുന്നതു വരെ സഭ നിയന്ത്രിക്കുക പ്രോടെം സ്പീക്കര്‍ ആയിരിക്കും.

സ്പീക്കര്‍ക്കുള്ളത്രയും അധികാരങ്ങള്‍ ഇല്ലെങ്കിലും ബൊപ്പയ്യയുടെ റോള്‍ നിര്‍ണ്ണായകമാണ്. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് എംഎല്‍എമാരെ രക്ഷപ്പെടുത്താനും ഭരിക്കുന്ന പാര്‍ട്ടിയെ അധികാരത്തിലിരുത്താനും പ്രോടെം സ്പീക്കര്‍ക്കു കഴിയും.

വിശ്വാസവോട്ടെടുപ്പില്‍ ബാലറ്റ് വോട്ടെടുപ്പാണോ അതോ ശബ്ദ വോട്ടെടുപ്പാണോ നടത്തേണ്ടത് എന്നു തീരുമാനിക്കുന്നതും ഈ ഇടക്കാല സ്പീക്കറാണ്. സഭ സമ്മേളിക്കുമ്പോള്‍ പ്രോടെം സ്പീക്കറുടെ മുന്‍പിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുക.

ഏത് രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ചു എന്ന് വ്യക്തമാക്കുന്ന രേഖയിലും ഒപ്പിടണം. നാല് മണിക്കാവും വിശ്വാസ പ്രമേയം സഭാതലത്തില്‍ അവതരിപ്പിക്കപ്പെടുക. ഇതില്‍ എം.എല്‍എമാര്‍ അവരുടെ ഇരിപ്പടത്തിന് മുന്നിലുള്ള ബസ്സര്‍ അമര്‍ത്തുമ്പോള്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനില്‍ വോട്ടുകള്‍ രേഖപ്പെടുത്തും.

ഇത് സഭാതലത്തിലെ ഡിസ്പ്‌ളേ ബോര്‍ഡില്‍ തെളിയും. ഏത് എം.എല്‍എ ആര്‍ക്ക് വോട്ടുചെയ്തു എന്ന് ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും. ഇതിന്റെ പ്രിന്റ് ഔട്ട് അതാത് പാര്‍ട്ടികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിക്കും.

കൂറുമാറ്റം തടയുന്നതിനാണിത്. ഇതാണ് പരസ്യവോട്ടിന്റെ ആദ്യവഴി. കൈപൊക്കി ശബ്ദവോട്ടോടെ എം.എല്‍.എമാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഇത് സഭാതലത്തില്‍ വലിയശബ്ദമാനമായ രംഗങ്ങള്‍ക്ക് വഴിവെക്കാം, ആശയക്കുഴപ്പത്തിനും ഇടയുണ്ട്.

ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് പ്രോടെം സ്പീക്കര്‍ക്ക് തീരുമാനിക്കാം. പക്ഷെ സുപ്രീം കോടതി നിരീക്ഷണം ഉണ്ടെന്നും മറക്കാനാവില്ല. ഭരണ, പ്രതിപക്ഷങ്ങളുടെ വോട്ടുനില തുല്യമായാല്‍ മാത്രമെ പ്രോടെം സ്പീക്കര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ളൂ.

മുന്‍ യെഡിയൂരപ്പ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറായിരിക്കെ എടുത്ത നടപടിയില്‍ സുപ്രീം കോടതി വിമര്‍ശനം നേരിട്ടയാളാണ് കുട്ടിക്കാലം മുതല്‍ തന്നെ ആര്‍എസ്എസിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ബൊപ്പയ്യ. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിച്ചുകൊണ്ടുള്ള പതിവു കീഴ്്വഴക്കങ്ങളില്‍ നിന്നു മാറിയായിരുന്നു ഗവര്‍ണറുടെ തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ആര്‍.വി.ദേശ്പാണ്ഡയെ പ്രോടെം സ്പീക്കറായി നിയമിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

അതേസമയം പാര്‍ട്ടിവിപ്പ് ലംഘിച്ച് ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യാതെ മാറിനിന്നാലും സത്യപ്രതിജ്ഞ ചെയ്തവര്‍തന്നെ കൂറുമാറി വോട്ടുചെയ്താലും അയോഗ്യരാക്കപ്പെടും. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖ ലഭിക്കുന്നതോടെ അംഗമായി കണക്കാക്കും എന്നതാണ് ചട്ടം.

പാര്‍ട്ടിവിപ്പും കൂറുമാറ്റ നിരോധന നിയമവും ഒരുപോലെ എല്ലാവര്‍ക്കും ബാധകമാകും. അതുകൊണ്ടുതന്നെ 105 അംഗങ്ങളുടെ പിന്തുണയുള്ള യെദ്യൂരപ്പയ്ക്ക് ഇന്നത്തെ നിലയില്‍ മറുപക്ഷത്തുനിന്ന് അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷത്തിനുവേണ്ട 112 ആക്കുക എളുപ്പമാവില്ല.

സ്വാഭാവികമായും സത്യപ്രതിജ്ഞ ചെയ്യാത്ത അംഗത്തിന് വിശ്വാസവോട്ടില്‍ പങ്കെടുക്കാനാവില്ല. സഭയില്‍ ഹാജരായവരുടെ മൊത്തം അംഗസംഖ്യയുടെ കേവലഭൂരിപക്ഷമേ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആവശ്യമുള്ളൂ. പ്രതിപക്ഷത്തെ ചിലരെ സഭയില്‍ വരാതെ പിന്തിരിപ്പിച്ച് യെദ്യൂരപ്പ വിശ്വാസവോട്ട് നേടും എന്ന പ്രചാരണം അതിന്റെ അടിസ്ഥാനത്തിലാണ്.

ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്യാതെ തത്കാലം മാറിനിന്നാലും അവര്‍ക്ക് അടുത്തതവണ സഭചേരുമ്പോള്‍ അംഗമായി സത്യപ്രതിജ്ഞചെയ്യാം. വിപ്പ് ലംഘിക്കുന്നവര്‍ സ്വമേധയാ അയോഗ്യരാവില്ല. അതിനായി വിപ്പുനല്‍കിയ പാര്‍ട്ടി സ്പീക്കര്‍ക്ക് (പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന സ്ഥിരം സ്പീക്കര്‍) അപേക്ഷ നല്‍കണം. ഇക്കാര്യത്തില്‍ നിശ്ചിതസമയത്തിനുള്ളില്‍ സ്പീക്കര്‍ തീരുമാനം കൈക്കൊള്ളണമെന്ന് വ്യവസ്ഥയില്ല.

മാസങ്ങളും വര്‍ഷങ്ങളും തീരുമാനം മാറ്റിവെച്ച സന്ദര്‍ഭങ്ങള്‍ വിവിധ നിയമസഭകളിലുണ്ടായിട്ടുണ്ട്. ഇങ്ങനെ അയോഗ്യരാക്കപ്പെടുന്ന തീരുമാനങ്ങള്‍ പലപ്പോഴും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടാറുമുണ്ട്. 2010ല്‍ കര്‍ണാടകത്തില്‍നിന്നുതന്നെ ഇതുപോലുള്ള അനുഭവം ഉണ്ടായിരുന്നു.