പശുവിന്റെ പേരില്‍ വീണ്ടും അരുംകൊല: കന്നുകാലിയെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ഒരാളെ അടിച്ചുകൊന്നു

single-img
19 May 2018

ഭോപ്പാല്‍: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും അരുംകൊല. മധ്യപ്രദേശിലെ സത്‌നയില്‍ മധ്യവയസ്‌കന്‍ ഗോരക്ഷകരുടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടു. റിയാസ് എന്ന നാല്‍പ്പത്തഞ്ചുകാരനാണു ബദേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ അംഗറില്‍ കൊല്ലപ്പെട്ടത്. റിയാസിനൊപ്പമുണ്ടായിരുന്ന ഷക്കീല്‍ എന്ന യുവാവിനു ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി ഇവരും മറ്റ് നാലുപേരും കന്നുകാലിയുമായി നില്‍ക്കുന്നതുകണ്ട ഗ്രാമവാസികള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടിരക്ഷപ്പെട്ടു. ജനക്കൂട്ടത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ അവശരായ റിയാസിനെയും ഷക്കീലിനെയും പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന റിയാസ് വെള്ളിയാഴച പുലര്‍ച്ചെ മരണമടഞ്ഞു.

പ്രദേശത്തുനിന്നും കശാപ്പ് ചെയ്ത ഒരു കാളയേയും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ട് കാളകളുടെ മാംസവും പിടിച്ചെടുത്തു. ഗ്രാമീണരാണ് ഇവരെ ആക്രമിച്ചതെന്ന് സാത്‌ന എസ്.പി പറഞ്ഞു. സംഭവത്തില്‍ അഞ്ചോളം പേര്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.

ഒരിടവേളയ്ക്കു ശേഷം കന്നുകാലിയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകം രാജ്യത്ത് സജീവമാകുന്നുവെന്ന സൂചനയാണ് ഈ സംഭവം കാണിക്കുന്നത്. 2016ല്‍ ദാദ്രിയില്‍ പശുക്കുട്ടിയെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് അഹമ്മദ് അഖ്‌ലക് എന്നയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത് ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് നിരവധി പേര്‍ക്ക് പശുവിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുകയോ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാവുകയോ ചെയ്യേണ്ടിവന്നിരുന്നു.