കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക; ഒരംഗം ഇതുവരെ സഭയിലെത്തിയില്ല: ആത്മവിശ്വാസത്തോടെ ബിജെപി

single-img
19 May 2018

ബംഗളുരു: പ്രോടേം സ്പീക്കറെ മാറ്റണമെന്ന കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചതിന് പിന്നാലെ കര്‍ണ്ണാടക നിയമസഭയില്‍ നടപടികള്‍ക്ക് തുടക്കമായി. 11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാവിലെ 10 മണിയോടെ തന്നെ സിദ്ധരാമയ്യയും കെ.ജെ ജോര്‍ജ്ജും അടക്കമുള്ളവര്‍ സഭയിലെത്തി. പിന്നാലെ ബസുകളില്‍ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ സഭയിലെത്തിച്ചു.

കോണ്‍ഗ്രസിന്റെ ഒരംഗം ഇതുവരെയും സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിംഗ് ആണ് സഭയിലെത്താതെ വിട്ടുനില്‍ക്കുന്നത്. ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് എംഎല്‍എയുടെ ഈ നീക്കം. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായിരുന്ന പ്രതാപ്ഗൗഡ പാട്ടീല്‍ സഭയില്‍ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ബിജെപിയുടെ ധനസ്രോതസ്സുകളായ റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത അനുയായി ആണ് ആനന്ദ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുന്‍പായിരുന്നു ആനന്ദ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ഉടന്‍ തന്നെ അദ്ദേഹത്തിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കുകയുമായിരുന്നു.

രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. അപ്പോള്‍ ബിജെപിയുടെ അംഗബലം 106 ആകും. പിന്നെയും ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ പിന്തുണ വേണം. ഇത്രയും പേര്‍ കൂറുമാറി വോട്ട് ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

അല്ലെങ്കില്‍ കുറഞ്ഞത് 10 പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്താതിരിക്കുകയോ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വേണം. അങ്ങനെ വരുമ്പോള്‍ സഭയില്‍ ഹാജാരായ അംഗങ്ങളുടെ അടിസ്ഥാനത്തിലാകും കേവലഭൂരിപക്ഷം നിശ്ചയിക്കുക. അപ്പോള്‍ സഭയിലെ അംഗബലം 211 ഉം കേവലഭൂരിപക്ഷം 106 ഉം ആകും. അപ്പോള്‍ സ്വതന്ത്രരുടെ പിന്തുണയോടെ വിജയം നേടാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

സഭയില്‍ ഹാജരായിരിക്കുന്ന അംഗങ്ങളുടെ ഭൂരിപക്ഷം അടിസ്ഥാനപ്പെടുത്തിയാണ് വിശ്വാസവോട്ടിന്റെ വിജയം തീരുമാനിക്കുന്നത്. കര്‍ണാടകത്തില്‍ 224 സീറ്റുകളില്‍ 222 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടു സീറ്റുകളില്‍ മെയ് 28 ന് തെരഞ്ഞെടുപ്പ് നടക്കും. രണ്ടു മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു കയറിയെങ്കിലും എച്ച് ഡി കുമാരസ്വാമിയുടെ വോട്ട് ഒന്നായിട്ടാണ് രേഖപ്പെടുത്തുക.

ഒരാളെങ്കിലും ഹാജരാകാതെ വരികയാണെങ്കില്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്ന എംഎല്‍എമാരുടെ എണ്ണം 220 ആയി ചുരുങ്ങും. നിലവില്‍ 104 സീറ്റുകളുള്ള ബിജെപിയ്ക്ക് ഭരണം നില നിര്‍ത്തണമെങ്കില്‍ 111 വോട്ടുകള്‍ നേടേണ്ടതുണ്ട്. സാധാരണ നിലയില്‍ രണ്ടു കക്ഷികള്‍ക്കും വോട്ടു നില തുല്യമാണെങ്കില്‍ സഭയുടെ അദ്ധ്യക്ഷനായ സ്പീക്കര്‍ക്കോ അല്ലെങ്കില്‍ ആ പദവി വഹിക്കുന്ന ആള്‍ക്കോ കാസ്റ്റിംഗ് വോട്ട് ചെയ്യാനാകും. എന്നാല്‍ ഇവിടെ ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ പ്രോട്ടേം സ്പീക്കര്‍ക്ക് വോട്ട് ചെയ്യാനാകില്ല.

ഒന്നില്‍ കൂടുതല്‍ പേര്‍ ഭൂരിപക്ഷം അവകാശപ്പെട്ടാല്‍ എംഎല്‍എ മാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളയാള്‍ക്ക് വോട്ടു നല്‍കാവുന്നതാണ്. 2002 ല്‍ ജാര്‍ഖണ്ടിലെ ഷിബു സോറണും അര്‍ജുന്‍ മുണ്ടയും സമാനരീതിയില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഈ രീതിയിലാണ് സുപ്രീംകോടതിപരിഹരിച്ചത് 1998 ല്‍ ഉത്തര്‍പ്രദേശില്‍ കല്യാണ്‍ സിംഗും ജഗദാംബികാ പാലും തമ്മില്‍ സമാന രീതിയിലുള്ള മത്സരവും നടന്നിരുന്നു. ഇത്തവണ അതില്‍ ഊഴം യെദ്യൂരപ്പയ്ക്കാണെന്ന് മാത്രം. യെദ്യൂരപ്പ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടാല്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്ന അടുത്ത എംഎല്‍എയെ വിളിക്കാം.

അതിനിടെ ജെ.ഡി.എസിന്റെ എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഇന്ന് നാലു മണിവരെ തങ്ങളുടെ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് കുമാരസ്വാമി പരിഹസിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.