യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചു

single-img
19 May 2018

ബംഗളുരു: ഇന്ത്യന്‍ രാഷ്ട്രീയം സമീപകാലത്ത് കണ്ടിട്ടാല്ലാത്ത നാടകീയ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കര്‍ണാടക വിധാന്‍സൗധക്കുളളില്‍ നിയമസഭാസമ്മേളനം തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്തുസംഭവിക്കുമെന്ന് അറിയാനാണ് രാജ്യം കാത്തിരിക്കുന്നത്. എന്ത് സംഭവിച്ചാലും അത് കര്‍ണാടകയില്‍ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിന്‍റെ തന്നെ ഗതിവിഗതികളില്‍ പ്രതിഫലിക്കും.

യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചു
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യെദ്യൂരപ്പ

ബെംഗളൂരു: വിശ്വാസവോട്ടെടുപ്പ് വേളയില്‍ സഭയില്‍ ശാന്തത പാലിക്കണമെന്നും സസ്‌പെന്‍ഷന് ഇടവരുത്തരുതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശം. ബി.ജെ.പിയുടെ പ്രകോപനമുണ്ടാകുമെന്നും ശാന്തത കൈവിടരുതെന്നുമാണ് നിര്‍ദേശം.

സഭയില്‍ ഏതെങ്കിലും തരത്തിലുള്ള ബഹളമുണ്ടാക്കുന്നവരെ പ്രൊട്ടംസ്പീക്കര്‍ക്ക് അയോഗ്യരാക്കാമെന്ന നിയമമുള്ളതിനാലാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ബി.ജെ.പി അംഗങ്ങള്‍ ഏത് തരത്തിലുമുള്ള പ്രകോപനങ്ങള്‍ക്കും മുതിരാം. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്ന് നിലവിട്ട പെരുമാറ്റം ഒരിക്കലും ഉണ്ടാകരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

അതിനിടെ, കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന ആശങ്ക നിലനില്‍ക്കെ കൂടുതല്‍ ബിജെപി നേതാക്കളെ കോഴക്കുരുക്കിലാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയും റെഡ്ഡി സഹോദരന്‍മാരുടെ അടുത്ത ആളായ ബി.ശ്രീരാമുലുവും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

കോണ്‍ഗ്രസ് എംഎല്‍എ ബി.സി. പാട്ടീലിനു യെദിയൂരപ്പ പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണു കോണ്‍ഗ്രസ് ആദ്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ യെദിയൂരപ്പ രാജിവയ്ക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഇതിനു പിന്നാലെയാണ് ശ്രീരാമുലു കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടത്. പണത്തിനു പുറമേ മന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് എംഎല്‍എയ്ക്കു ശ്രീരാമുലു വാഗ്ദാനം ചെയ്യുന്നതായി ശബ്ദരേഖയിലുണ്ട്.

കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും കോണ്‍ഗ്രസ് ബംഗളുരുവിനെ ഹോട്ടലില്‍ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലില്‍നിന്നു നിയമസഭയിലേക്ക് പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍നിന്ന് രണ്ട് എംഎല്‍എമാരും ഒരു ജെഡിഎസ് എംഎല്‍എയും രണ്ട് സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുമെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത്. ബിജെപിക്ക് നിലവില്‍ 104 എംഎല്‍എമാരുടെ പിന്തുണയാണുളളത്. ഭൂരിപക്ഷത്തിന് 111 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.

ഇതിനിടെ അമിത് ഷായും ഡല്‍ഹിയില്‍ നിന്ന് കരുക്കള്‍ നീക്കുന്നുണ്ട്. അതിരുകടക്കേണ്ടെന്ന് കര്‍ണാടക ബിജെപിക്ക് അമിത് ഷാ നിര്‍ദേശം നല്‍കി. വിശ്വാസവോട്ടിന് ഒരു മണിക്കൂര്‍ മുമ്പിന് ഭൂരിപക്ഷം ഉറപ്പാക്കണം. എന്നാല്‍ മാത്രം മുന്നോട്ടുപോയാല്‍ മതി എന്നാണ് നിര്‍ദേശം.

ഉറപ്പില്ലെങ്കില്‍ മാന്യമായി പിന്‍വാങ്ങണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് യെഡിയൂരപ്പ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതും രാജിക്കത്ത് തയാറാക്കുന്നതും. 3.30ന് ഗവര്‍ണറെ കാണാനും നീക്കം നടത്തുന്നുണ്ട്.