മെയ് 21: ബിഗ് സര്‍പ്രൈസിന് കാതോര്‍ത്ത് മലയാള സിനിമാലോകം

single-img
19 May 2018

മെയ് 21. ലാലേട്ടനെ നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്നവരാരും തന്നെ മറക്കാത്ത ദിനം. അന്നാണ് മലയാളസിനിമയുടെ തമ്പുരാനായ മോഹന്‍ലാലിന്റെ ജന്മദിനം. ഇത്തവണ താരചക്രവര്‍ത്തിയുടെ പിറന്നാള്‍ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാപ്രേമികളും.

ഒന്നിന് പുറകെ ഒന്നായി വമ്പന്‍ പ്രോജക്ടുകളും പുത്തന്‍ വാര്‍ത്തകളുമായി മോഹന്‍ലാലിനെ സംബന്ധിക്കുന്നതെന്തും ചര്‍ച്ചാവിഷയമാണ്. എട്ടു മാസത്തോളമായി ലാലേട്ടന്റെ ഒരു ചിത്രം തീയറ്ററുകളിലെത്തിയിട്ട്. എന്നാല്‍ ഇതിനിടയില്‍ തന്നെ നീരാളിയുടെ വിശേഷങ്ങളും, ഒടിയന്‍ ടീസറും, ലൂസിഫര്‍ ടൈറ്റിലുമൊക്കെയായി താരം സജീവമാണ്.

എന്നാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ വലിയൊരു പ്രഖ്യാപനമുണ്ടാകുമെന്നാണ് ചലച്ചിതലോകത്തെ സംസാരവിഷയം. ഒന്നുകില്‍ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന നീരാളിയുടെ ട്രെയിലര്‍, പ്രഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ വിശദാംശങ്ങള്‍, ഒടിയന്റെ ട്രെയിലര്‍ അല്ലെങ്കില്‍ 1000 കോടിയുടെ രണ്ടാമൂഴം സംബന്ധിച്ച വലിയൊരു പ്രഖ്യാപനം.

ഇതില്‍ ഏതെങ്കിലുമൊരു ചിത്രത്തിനെ സംബന്ധിച്ചുള്ള വലിയൊരു വാര്‍ത്തയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഒടിയന്റെ ട്രെയിലര്‍ അല്ലെങ്കില്‍ രണ്ടാമൂഴത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വക ബിഗ് സര്‍പ്രൈസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി പ്രഖ്യാപനം, താരനിര എന്നിങ്ങനെയുള്ള കാര്യങ്ങളാകും പുറത്ത് വരിക എന്നും അണിയറസംസാരമുണ്ട്.

ഇതിനിടയില്‍ രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹന്‍ലാലും സംഘവും ലണ്ടനിലാണ്. ഈ ചിത്രത്തിന്റെ വിവരങ്ങളാണോ ഇനി പുറത്ത് വിടുകയെന്നും സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നു.. എന്തായാലും കാത്തിരിക്കാം മെയ് 21നായി..