കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

single-img
19 May 2018

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിങ്കളാഴ്ച ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെത്തിയ കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച്ച നടത്തി.

കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ചയാവും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക.

സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതി‍ജ്ഞ ചെയ്ത യെഡിയൂരപ്പ രാജിക്ക് നിർബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കിൽ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കർണാടക ഘടകത്തിനും മുന്നറിയിപ്പ് നൽകിയിരുന്നു.

ആർഎസ്എസ് നേതൃത്വത്തിനും കർണാടകയിൽ നടന്ന കുതിരക്കച്ചവടത്തോട് താൽപര്യം ഇല്ലായിരുന്നു. നിയമസഭയിൽ വികാരാധീനനായി നടത്തിയ പ്രസംഗത്തിനു ശേഷമാണു യെഡിയൂരപ്പ രാജിപ്രഖ്യാപിച്ചത്.