കര്‍ണാടകയില്‍ കരുനീക്കങ്ങള്‍ ശക്തം; വൈകീട്ട് അഞ്ചോടെ ആഹ്ലാദ പ്രകടനം നടത്താന്‍ റെഡിയായിക്കോളൂവെന്ന് പ്രവര്‍ത്തകരോട് യെദിയൂരപ്പ

single-img
19 May 2018

കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബെംഗളൂരുവില്‍ കരുനീക്കങ്ങള്‍ ശക്തം. വിജയനഗര എംഎല്‍എ ആനന്ദ് സിങ് ഒപ്പമില്ലെന്ന് കോണ്‍ഗ്രസ്. ആനന്ദ് സിങ്ങുമായി ബന്ധപ്പെടുന്നുണ്ട്. വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അതിനിടെ ആത്മവിശ്വാസം കൊണ്ട് വീണ്ടും അമ്പരപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ‘ഇന്ന് തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും അഞ്ചുമണിയോടെ ബിജെപിയുടെ ആഹ്ലാദപ്രകടനം ഉണ്ടാകും’. അതിനായി അണികള്‍ തയാറാകണെന്നും അദ്ദേഹം പറഞ്ഞു.

നാളെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കായി കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു. തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത്. ഈ വാക്കുകള്‍ അസ്വസ്ഥമാക്കുന്നത് കോണ്‍ഗ്രസ് ക്യാംപിനെയാണ്. വിട്ടുപോയ എംഎല്‍എമാര്‍ വരെ തിരികെയെത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിടയിലാണ് യെദിയൂരപ്പയുടെ വാക്കുകള്‍.

തങ്ങളുടെ കൂട്ടത്തിലുള്ള ആരെയൊക്കെ ബിജെപിക്കാര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്ന് ഇനിയും കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമല്ല. യെദ്യൂരപ്പ അടക്കമുള്ള ബിജെപി നേതാക്കള്‍ യാതൊരു ആശങ്കയുമില്ലാതെ സംസാരിക്കുന്നതും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നു.

തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് ഇന്നലെ തന്നെ എച്ച്.ഡി കുമാരസ്വാമി അറിയിച്ചിരുന്നു. നിര്‍ണ്ണായകമായ ഘട്ടത്തില്‍ പാര്‍ട്ടിയെ സഹായിക്കണമെന്നും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കണമെന്നുമാണ് ഇന്നലെ രാത്രിയും കുമാരസ്വാമി എംഎല്‍മാരോട് ആഭ്യര്‍ത്ഥിച്ചത്.

പ്രോടെം സ്പീക്കര്‍ നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കും. വൈകുന്നേരം നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് ബെംഗളൂരുവില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. വിധാന്‍ സൗധയ്ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതിനിടെ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലായിരുന്ന കോണ്‍ഗ്രസ് ജനാദള്‍എം.എല്‍.എമാരെ ബംഗളൂരുവില്‍ തിരിച്ചെത്തിച്ചു. രാവിലെയോടെയാണ് മൂന്ന് ബസുകളിലായി എം.എല്‍.എമാരെ ബംഗളൂരുവില്‍ എത്തിച്ചത്.