സഭയില്‍ വരാതെ ഹോട്ടല്‍ മുറിയില്‍ ഒളിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്ടെത്തി; ചാക്കിടല്‍ ശ്രമങ്ങള്‍ ശക്തമാക്കി ഇരുപക്ഷവും

single-img
19 May 2018

ബംഗളൂരു: സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍, ആനന്ദ് സിങ് എന്നീ എം.എല്‍.എമാരെയാണ് ബംഗളൂരുവിലെ ഗോള്‍ഡ് ബീച്ച് എന്ന ആഡംബര ഹോട്ടലിലെ മുറിയില്‍ കണ്ടെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ രേവണ്ണ, ഡി.കെ ശിവകുമാര്‍ എന്നിവര്‍ ഹോട്ടല്‍ മുറിയിലെത്തി എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുകയാണ് നേതാക്കളുടെ ലക്ഷ്യം. ഇവര്‍ ആദ്യം മുറി തുറക്കാന്‍ തയാറായില്ലെങ്കിലും പിന്നീട് പ്രതാപ് ഗൗഡ പാട്ടീല്‍ നേതാക്കളോടൊപ്പം പോകാന്‍ തയാറായെന്നും വാര്‍ത്തയുണ്ട്.

എന്നാല്‍ ആനന്ദ് സിങ്ങിനെയും പ്രതാപ ഗൗഡയെയും ഗോള്‍ഡന്‍ ഫിഞ്ച് ഹോട്ടലില്‍ ബിജെപി പിടിച്ചുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡിജിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിലെത്തിയിട്ടുണ്ട്.

അതേസമയം, കര്‍ണാടകയിലെ ബിജെപിയുടെയും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെയും ഭാവി നിശ്ചയിക്കുന്ന നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കും. 104 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന് 114 അംഗങ്ങളാണ് ഉള്ളത്. രണ്ട് സ്വതന്ത്രരും ഒരു ബിഎസ്പി അംഗവും വിജയിച്ചിട്ടുണ്ട്.

120 അംഗങ്ങളുടെ പിന്തുണയാണ് യെദ്യൂരപ്പ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ കുറഞ്ഞത് 14 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടാകണം.

1. കോണ്‍ഗ്രസ്‌ജെഡിഎസ് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുക.

2. പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കുക. അങ്ങനെ വരുമ്പോള്‍ സഭയിലെ അംഗബലവും കേവലഭൂരിപക്ഷത്തിന് വേണ്ട അംഗങ്ങളുടെ എണ്ണത്തിലും കുറവ് വരും. സഭയില്‍ ഹാജരായിരിക്കുന്നവരുടെയും വോട്ടിംഗില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് കേവലഭൂരിപക്ഷം നിശ്ചയിക്കുന്നത്.

3. പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ എത്താതെ വിട്ടുനില്‍ക്കുക. അങ്ങനെ വരുമ്പോഴും തൊട്ട് മുന്‍പ് പറഞ്ഞ സാഹചര്യമാണ് ഉണ്ടാവുക. നിലവിലെ സാഹചര്യത്തില്‍ കുറഞ്ഞത് 10 പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ട് നില്‍ക്കണം.

4. സമ്മര്‍ദ്ദം ചെലുത്തി ആവശ്യമുള്ളയത്രയും പ്രതിപക്ഷ എംഎല്‍മാരെ രാജിവെപ്പിക്കുക.

5. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന് വ്യക്തമാകുന്ന കക്ഷി ബഹളം സൃഷ്ടിച്ച് സഭ പിരിച്ചുവിടാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുക.

ഈ അഞ്ച് സാധ്യതകളാണ് ഇന്ന് ബിജെപി മുന്നില്‍ക്കാണുന്നത്. ഇതില്‍ ഏതാവും നടപ്പിലാക്കുക എന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം. അതേസമയം, കര്‍ണാടകയില്‍ സഭാംഗങ്ങളുടെ സത്യപ്രജ്ഞ നടക്കുകയാണ്.