യാത്രാക്ഷീണം മാറ്റാന്‍ എംഎല്‍എ സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്‍ പോയി; അതിനും പഴികേട്ടത് ബിജെപിക്കാര്‍

single-img
19 May 2018

എംഎല്‍എമാരെ എതിര്‍പാളയത്തിലുള്ളവര്‍ ചാക്കിട്ട് പിടിക്കാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും നടത്തി കൊണ്ടിരിക്കുന്നത്. എതിര്‍ പാര്‍ട്ടികളുടെ ദൃഷ്ടിപതിയാതിരിക്കാന്‍ എംഎല്‍എമാരെ കഴിഞ്ഞ ദിവസം സംസ്ഥാനത്തുനിന്ന് തന്നെ മാറ്റുകയും ചെയ്തിരുന്നു.

ബംഗളുരുവില്‍ നിന്നു ഹൈദരാബാദിലേക്കാണ് ഇവരെ മാറ്റിയത്. ദീര്‍ഘയാത്രയ്ക്കുശേഷം ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലുള്ള താജ് കൃഷ്ണ ഹോട്ടലില്‍ എത്തിയതിനു പിന്നാലെ ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായി.

എംഎല്‍എയെ ബിജെപി ചാടിച്ചുകൊണ്ടുപോയെന്ന തരത്തില്‍ ക്യാമ്പില്‍ വാര്‍ത്തകള്‍ പരന്നു. തുടര്‍ന്ന് ഹോട്ടലിലെ ബാര്‍ മുതല്‍ ശുചിമുറി വരെ ഹോട്ടല്‍ ജീവനക്കാരും അരിച്ചുപെറുക്കി. ഒടുവില്‍ ആ എംഎല്‍എയെ ബിജെപിക്കാര്‍ കടത്തി എന്ന സംശയം ബലപ്പെട്ടു.

എന്നാല്‍, തിരിച്ചില്‍ അവസാനിപ്പിച്ച് ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് കാണാതായ എംഎല്‍എ സ്വിമ്മിംഗ് പൂളില്‍ നീന്തി ഉല്ലസിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. 600 കിലോമീറ്റര്‍ യാത്ര ചെയ്തതിന്റെ ക്ഷീണം മാറ്റാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗമാണിതെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ഇതോടെ മുന്‍കരുതലെടുത്ത പാര്‍ട്ടികള്‍, എംഎല്‍എമാര്‍ ചാടിപോകാതിരിക്കാന്‍ മൊബൈല്‍ ആപ്പ് വഴി ഇവരുടെ നീക്കങ്ങള്‍ വീക്ഷിച്ചു.