കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോടെം സ്പീക്കറായി തുടരും

single-img
19 May 2018

വിരാജ് പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോ ടെം സ്പീക്കറായി തുടരും. നിയമനത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മുതിര്‍ന്ന അംഗത്തെ സ്പീക്കറാക്കുന്നത് കീഴ്‌വഴക്കമാണ്, നിയമമല്ല.

നിയമമാകാത്തിടത്തോളം വിഷയത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണം. നിയമസഭാ സെക്രട്ടറി നടപടിക്രമങ്ങളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യണം. എല്ലാ പ്രാദേശിക ചാനലുകള്‍ക്കും തത്സമയ സംപ്രേഷണത്തിന് അനുമതി നല്‍കണം. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ സുതാര്യമായാണ് നടക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.

ഇതോടെ കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിക്കാന്‍ തയാറായി. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ സഭയില്‍ നടക്കാവൂ എന്നും മറ്റു നടപടികള്‍ പാടില്ലെന്നും കോടതി ആവര്‍ത്തിച്ചു. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവര്‍ പ്രത്യേക ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതിക്ക് പ്രൊട്ടെം സ്പീക്കറെ നിയമിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദങ്ങള്‍ കേട്ട കോടതി, ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കില്‍ നോട്ടീസ് നല്‍കേണ്ടിവരുമെന്നും അങ്ങനെയായാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി.

മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കര്‍ ആക്കാതിരുന്ന സാഹചര്യങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റീസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു. എട്ടു തവണ എംഎല്‍എ ആയ കോണ്‍ഗ്രസ് അംഗം ആര്‍.വി. ദേശ്പാണ്ഡേയെ മറികടന്നാണു നാലു തവണ മാത്രം എംഎല്‍എ ആയിട്ടുള്ള ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറെ നിയമിച്ചത്.

വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കേണ്ടത് പ്രോ ടെം സ്പീക്കറാണ്. ബൊപ്പയ്യയുടെ നിയമനം ബിജെപിക്ക് അനുകൂലമായി മാറും എന്നതിനാലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. 2009-13ല്‍ സ്പീക്കറായിരിക്കേ 16 എംഎല്‍എമാരെ അയോഗ്യരാക്കിയ തീരുമാനത്തിന് സുപ്രീംകോടതി ബൊപ്പയ്യയെ ശാസിച്ചിട്ടുണ്ട്.

അതിനിടെ, വിധാന്‍ സൗധയില്‍ കെ.ജി.ബൊപ്പയ്യയുടെ മുന്‍പില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്നും വിശ്വാസവോട്ടെടുപ്പില്‍ ജയിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി. ഇന്നത്തെ ദിവസം തനിക്കു അത്ര പ്രധാനപ്പെട്ടതല്ല. ഇതിലും പ്രധാന്യമേറിയ ദിവസങ്ങള്‍ ഭാവിയില്‍ വരാനിരിക്കുന്നേയുള്ളൂ.

നാലു മണിവരെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കും. എല്ലാ എംഎല്‍എമാരും ഒന്നിച്ചാണ്. ആരും മറുകണ്ടം ചാടില്ല. ഞങ്ങളുടെ എംഎല്‍എമാര്‍ ആരും തന്നെ പിടിയിലാക്കപ്പെട്ടിട്ടില്ല. താനും സിദ്ധരാമയ്യയും ഒന്നിച്ചു മുന്നോട്ടു പോകുമെന്നും കുമാരസ്വാമി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.