അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

single-img
19 May 2018

അടൂര്‍: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പീഡിപ്പിച്ച കേസില്‍ ബന്ധുവായ 19 കാരന്‍ അറസ്റ്റില്‍. അടൂര്‍ പന്നിവിഴയിലാണ് സംഭവം. അച്ഛന്‍ വിദേശത്തായതിനാല്‍ രോഗബാധിതയായ അമ്മയോടൊപ്പം അടൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികള്‍.

ഇവരുടെ സഹായത്തിനായി ഇവിടെയെത്തിയ അമ്മയുടെ സഹാദരീപുത്രനും വിദ്യാര്‍ഥിയുമായ 19 കാരനാണ് രണ്ട് വര്‍ഷത്തോളം കുട്ടികളെ നിരന്തരം പീഡിപ്പിച്ചത്. കുട്ടികള്‍ എതിര്‍ത്തപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നെന്ന് പോലീസ് പറയുന്നു.

അമ്മയുടെ മരണത്തോടെ കുട്ടികളെ കോഴിക്കോട് ജില്ലയിലെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് കുട്ടികളുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെ ബന്ധുക്കള്‍ കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടികളുടെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അടൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരുമാസത്തോളമായി കേസില്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിനിടെ കുട്ടികള്‍ കേസ് നല്‍കിയതറിഞ്ഞ് മംഗലാപുരത്തെ പഠനസ്ഥലത്ത് നിന്നും പ്രതി മുങ്ങുകയും ചെയ്തു.

ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പ്രതി യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി പോലീസ് മൂന്നു സംഘമായി തിരിഞ്ഞ് ആലപ്പുഴയില്‍ ട്രെയിനെത്തിയപ്പോള്‍ പ്രതിയെ പിടികൂടുകയായിരുന്നു. അടൂര്‍ ഡി.വൈ.എസ്.എപി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്.