ഇനി ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല: ലോക്‌സഭയില്‍ കേവലഭൂരിപക്ഷം നേടിയെന്ന ‘മേന്മ’ ബിജെപിക്ക് നഷ്ടപ്പെടുന്നു: സഖ്യം പൊളിഞ്ഞാല്‍ കേന്ദ്രത്തില്‍ ബിജെപി ‘വീഴും’

single-img
19 May 2018

വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്റെ സെമിഫൈനലാണ് കര്‍ണാടകത്തില്‍ കണ്ടത്. 2019 ലക്ഷ്യമാക്കിയുള്ള അന്തിമപോരാട്ടത്തിന്റെ കേളികൊട്ട് കര്‍ണാടകത്തില്‍ അരങ്ങേറിയപ്പോള്‍ ബിജെപിക്ക് കൈപൊള്ളി. മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും ബിജെപിയെ തടയാന്‍ സ്വീകരിച്ച ത്യാഗം ബിജെപി വിരുദ്ധ വിശാലചേരിക്ക് ഇന്ധനം പകരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നു.

കര്‍ണാടക പാഠമാകുന്നത് ബിജെപിക്ക് മാത്രമല്ല. അധികാരത്തിനായി വഴിവിട്ട കളികള്‍ പയറ്റുന്ന ഓരോ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമുള്ള ഉറച്ച താക്കീതാകുന്നു ഈ കന്നടവിധി. അധികാരത്തിനുവേണ്ടി ഏതറ്റവും പോകുമെന്ന ചീത്തപ്പേരും പാര്‍ട്ടിയില്‍ മോദി അമിത്ഷാ ടീമിനെ ഇനി കൂടുതല്‍ പ്രതിരോധത്തിലാക്കും.

കര്‍ണാടകയിലൂടെ കേരളത്തിലും തെലുങ്കാനയിലും തമിഴ്‌നാട്ടിലും നിര്‍ണായ സ്വാധീനമുണ്ടാക്കാനുള്ള ഷായുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും ഈ വീഴ്ച. വിശാല പ്രതിപക്ഷനിര 2019ല്‍ ശക്തിപ്പെട്ടാല്‍ ഉത്തരേന്ത്യയില്‍ നഷ്ടമാകുന്ന സീറ്റുകള്‍ക്ക് പകരം ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാമെന്ന മോദിയുടെ കണക്കുകൂട്ടലുകളും ഇനി പിഴയ്ക്കും. ഒപ്പം ഈ വിജയത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ നിരയെയും മോദി ഇനി ഭയക്കേണ്ടി വരും.

അതിനിടെ കര്‍ണാടക നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനായി ബെല്ലാരി എംപി ശ്രീരാമലുവും ഷിമോഗ എംപി യെഡിയൂരപ്പയും രാജിവച്ചതോടെ മറ്റു പാര്‍ട്ടികളുടെ സഹായമില്ലാതെ ലോക്‌സഭയില്‍ കേവലഭൂരിപക്ഷം നേടിയെന്ന ‘ മന്മ’ ബിജെപിക്ക് ക്രമേണ നഷ്ടപ്പെടുന്നു. 2014 ലെ 285 സീറ്റുകളുടെ ഭൂരിപക്ഷം 270 ആയി കുറഞ്ഞു. കോണ്‍ഗ്രസിന്റെത് 44 ല്‍നിന്ന് 48 ആയി ഉയര്‍ന്നു.

2014 ല്‍ നേടിയ സീറ്റുകളില്‍ ചിലതു നഷ്ടപ്പെട്ടെങ്കിലും എന്‍ഡിഎ സഖ്യത്തില്‍ വിള്ളലില്ലാത്തതിനാല്‍ അധികാരത്തില്‍ തുടരുന്നതിനു ബിജെപിക്ക് തടസങ്ങളില്ല. അഞ്ചു മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ നിലവിലെ ഭൂരിപക്ഷത്തില്‍ വ്യത്യാസം വരാം.

2014 മേയ് മാസത്തില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ 285 സീറ്റുകളാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 339 സീറ്റുണ്ടായിരുന്നു.

കോണ്‍ഗ്രസിന് 44 സീറ്റും. 543 അംഗ സഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത് 272 സീറ്റാണ്. കേവല ഭൂരിപക്ഷം നേടാനാവശ്യമായ സംഖ്യയെക്കാള്‍ 13 സീറ്റുകളാണ് ബിജെപിക്ക് അധികമായി ലഭിച്ചത്. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തോല്‍വിയും ചിലയിടത്ത് വിജയവുമുണ്ടായി.

സീറ്റുകള്‍ 274 ആയി ചുരുങ്ങി. ഇനി അഞ്ചു മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. യുപിയിലെ കൈരാന, മഹാരാഷ്ട്രയിലെ പാല്‍ഗര്‍, മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയ, നാഗാലാന്‍ഡ് മണ്ഡലങ്ങളില്‍ 28നാണ് തിരഞ്ഞെടുപ്പ്. കശ്മീരിലെ അനന്തനാഗ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 536. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 268. ഉത്തര്‍പ്രദേശിലെയും മറ്റു സ്ഥലങ്ങളിലേയും ഉപതിരഞ്ഞെടുപ്പുകളിലെ വിജയ പരാജയങ്ങള്‍ക്കുശേഷം 2018ല്‍ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 274 പേര്‍.

ബിജെപിയുടെ രണ്ടു റിബലുകളായ കീര്‍ത്തി ആസാദ്, ശത്രുഘന്‍സിന്‍ഹ എന്നിവരെ ഒഴിവാക്കിയാല്‍ 272. ശ്രീരാമലുവും യെഡിയൂരപ്പയും രാജിവച്ചതോടെ 270. രണ്ടു സീറ്റ് കുറഞ്ഞാല്‍ മൂന്നു ദശാബ്ദത്തിനുശേഷം കേവല ഭൂരിപക്ഷം നേടിയ ഒറ്റകക്ഷിയെന്ന പദവി ബിജെപിക്ക് നഷ്ടപ്പെടാം.

വരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയമോ പരാജയമോ ഉണ്ടായാല്‍ സംഖ്യകളില്‍ വീണ്ടും വ്യത്യാസം വരും. സഖ്യകക്ഷികളുള്ളതിനാല്‍ അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയില്ല. മാത്രമല്ല, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി അധിക നാളുമില്ല.

അതേസമയം ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ മറികടന്ന് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും കടപ്പെട്ടിരിക്കുന്ന നേതാവ് മറ്റാരുമല്ല ഡി.കെ എന്ന് വിളിക്കുന്ന ഡി.കെ ശിവകുമാറായിരിക്കും. കേന്ദ്രനേതാക്കളും കോടതിയും ഒക്കെ സമയാസമയങ്ങളില്‍ കോണ്‍ഗ്രസിന്റെ രക്ഷയ്‌ക്കെത്തിയെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ ക്രൈസിസ് മാനേജറായി രംഗത്തിറങ്ങിയ ഡി.കെയാണ് ബിജെപി ഉയര്‍ത്തിയ ചാക്കിട്ടുപിടുത്തത്തിന് പ്രതിരോധം തീര്‍ത്തത്.

ഡികെയുടെ ആള്‍ബലവും തന്ത്രങ്ങളുമായിരുന്നു ബിജെപിയിലേക്ക് ആളുകള്‍ കൊഴിയാതെ കാത്തത്. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള ചുമതല ഇതാദ്യമല്ല ഡികെയുടെ മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയിലും ഈ രക്ഷാദൗത്യം രാജ്യം കണ്ടതാണ്. അന്ന് എന്ത് വിലകൊടുത്തും അഹമ്മദ് പട്ടേല്‍ രാജ്യസഭയിലെത്തുന്നത് തടയുക എന്നത് അഭിമാനപ്രശ്‌നമായി കണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കരുക്കള്‍ നീക്കി.

59 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ശങ്കര്‍ സിങ് വഗേലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആദ്യം പാര്‍ട്ടി വിട്ടു. അടുത്തതായി മൂന്നു പേര്‍ കൂടി കൊഴിഞ്ഞു. അപകടം മണത്ത കോണ്‍ഗ്രസിന് വൈകിയാണ് വിവേകമുദിച്ചത്. അല്‍പം വൈകിയെങ്കിലും ശേഷിക്കുന്ന എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ഗുജറാത്തില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് നേരിട്ട് സിദ്ധരാമയ്യയെ വിളിക്കുന്നു. അദ്ദേഹം കര്‍ണാടകത്തില്‍ താവളം വാഗ്ദാനം ചെയ്തു.

സിദ്ധു ആ ദൗത്യം ഏല്‍പിച്ചത് ഊര്‍ജമന്ത്രിയായ ഡി.കെയായിരുന്നു. റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ എപ്പിസോഡ് കര്‍ണാടകത്തില്‍ അരങ്ങേറുന്നു. സഹോദരനും ബെംഗളൂരു റൂറല്‍ എം.പിയുമായ ഡി.കെ സുരേഷിനോട് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡി.കെ ഏല്‍പിച്ചു. അങ്ങനെ എം.എല്‍.എമാരെ ഇപ്പോള്‍ റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ കണ്ട അതേ ഈഗിള്‍ട്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റി. വൈകാതെ സംരക്ഷണ ദൗത്യം ഡി.കെ നേരിട്ട് ഏറ്റെടുത്തു. വോട്ടെടുപ്പ് വേളയില്‍ സസ്‌പെന്‍സിനൊടുവില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചു കയറി.

റെഡ്ഡി സഹോദരന്മാരോളം വരില്ലെങ്കിലും ആള്‍ബലവും ബിസിനസ് ബന്ധങ്ങളും ആവോളമുള്ള ബിസിനസ്സുകാരനാണ് ഡി.കെ. അന്ന് അഹമ്മദ് പട്ടേല്‍ ജയിച്ചതിന്റെ ക്ഷീണം ബിജെപി തീര്‍ത്തത് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിലൂടെയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഡികെയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ഇത്തവണയും റിസോര്‍ട്ട് രാഷ് ട്രീയത്തിനായി ചുക്കാന്‍ പിടിച്ചതും ഡി.കെയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ആളെ അടര്‍ത്തിയെടുത്താല്‍ തങ്ങളും അത് പയറ്റുമെന്ന പറയാനും അദ്ദേഹത്തിന് മടിയുണ്ടായില്ല,

ഒരു ഘട്ടത്തില്‍ ബിജെപിയിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ചര്‍ച്ചനടത്തിയതായി പോലും വാര്‍ത്തകള്‍ വന്നു. ഡി.കെ സുരേഷും ഡി.കെ ശിവകുമാറും നയിച്ച റിസോര്‍ട്ട് നാടകത്തില്‍ എം.എല്‍.എമാരുടെ പട്ടികയുമായി വിധാന്‍സൗധയില്‍ നിന്ന് ഈഗിള്‍ട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തില്‍ ആദ്യവസാനം മാധ്യമങ്ങള്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കിയതും തന്ത്രങ്ങള്‍ ഒരുക്കിയതും ഡികെയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന ഈ മുന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ജെഡിഎസ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ ലക്ഷ്യമിടുന്നത് ഉപമുഖ്യമന്ത്രി കസേരയാണ്. കോണ്‍ഗ്രസിന്റെ ഈ ക്രൈസിസ് മാനേജര്‍ക്ക് പാര്‍ട്ടി അത് അനുവദിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍ വോക്കലിഗ സമുദായക്കാരന്‍ തന്നെയായ ഡികെയെ കോണ്‍ഗ്രസും ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും ചോദ്യചിഹ്നമാണ്.

ക്രൈസിസ് മാനേജറെ അഗണിക്കാനും പാര്‍ട്ടിക്ക് അത്ര പെട്ടെന്ന് കഴിയില്ല. പക്ഷേ വെല്ലുവിളികള്‍ അതിജീവിച്ചതിനുള്ള പ്രത്യുപകാരം കിട്ടാതിരുന്നാല്‍ ഇത്തവണ ഡികെ കലാപക്കൊടി ഉയര്‍ത്താനും സാധ്യതയുണ്ട്. സിദ്ധരാമയ്യും പരമേശ്വരയും നയിക്കുന്ന കര്‍ണാടക കോണ്‍ഗ്രസില്‍ ഡി.കെ അവഗണിക്കാനാകാത്ത ശക്തിയാണെന്ന് കോണ്‍ഗ്രസ് നേൃത്വത്തിനും അറിയാം.

നേരത്തെ, മേയ് 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഒരു പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. 104 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 78 സീറ്റുള്ള കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയ്ക്കായി അതിവേഗം കരുക്കള്‍ നീക്കി. 37 സീറ്റുള്ള ജെഡിഎസുമായി കൈകോര്‍ത്തു. ഇതിനൊപ്പം ബിഎസ്പി സ്വതന്ത്രന്‍, ഒരു കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നിവരും ചേര്‍ന്നു– ആകെ 117. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യവും ബിജെപിയും അവകാശമുന്നയിച്ചു ഗവര്‍ണറെ കണ്ടു.

ജനപ്രതിനിധികളെ കളംമാറ്റിക്കുന്നതിനും കുതിരക്കച്ചവടത്തിനു കളമൊരുങ്ങി. മൂന്നു പാര്‍ട്ടികളും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റി. ഏറെ അഭ്യൂഹങ്ങള്‍ക്കും നിയമോപദേശങ്ങള്‍ക്കും ശേഷം രാത്രിയോടെ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഔദ്യോഗിക അറിയിപ്പ് എത്തി– ബി.എസ്.യെഡിയൂരപ്പയ്ക്കു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം. 15 ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. രാത്രിക്കുരാത്രി കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. പരമോന്നത കോടതിയില്‍ മൂന്നംഗബെഞ്ചിന്റെ അസാധാരണ വാദംകേള്‍ക്കല്‍ പുലര്‍ച്ചെ അഞ്ചര വരെ നീണ്ടു. യെഡിയൂരപ്പയ്ക്കു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തടസ്സമില്ലെന്നു കോടതി വ്യക്തമാക്കി.

മേയ് 17ന് രാവിലെ ഏകാംഗ മന്ത്രിസഭ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസവോട്ടിന് 15 ദിവസമെന്ന ഗവര്‍ണറുടെ നടപടി 48 മണിക്കൂറില്‍ താഴെയാക്കി സുപ്രീംകോടതി നിശ്ചയിച്ചതു ബിജെപിക്കു തിരിച്ചടിയായി. അവസാനവട്ട നീക്കങ്ങളിലും ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ വന്നതോടെ, രാജിവച്ച് നാണക്കേട് ഒഴിവാക്കണമെന്നു കേന്ദ്ര നേതൃത്വം യെഡിയൂരപ്പയ്ക്ക് നിര്‍ദേശം നല്‍കി.

വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനു യെഡിയൂരപ്പയും മറ്റ് അംഗങ്ങളും നിയമസഭയിലെത്തി. പ്രമേയാവതരണത്തിനു മുന്നോടിയായി വികാരധീനനായി യെഡിയൂരപ്പയുടെ പ്രസംഗം. ഒടുവില്‍ വോട്ടെടുപ്പിനു നില്‍ക്കാതെ നാടകീയമായി രാജിപ്രഖ്യാപനം. ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകത്തിന് താല്‍ക്കാലിക തിരശീല. ഇനി പന്ത് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കളത്തില്‍.

ആദ്യമായല്ല യെഡിയൂരപ്പയുടെ ഇങ്ങനെ രാജിവയ്ക്കുന്നത്. കര്‍ണാടകയില്‍ ആദ്യ ബിജെപി സര്‍ക്കാരിനു ലഭിച്ചത് ഏഴു ദിവസത്തെ ആയുസ്സ് മാത്രമാണ്. നാലു മന്ത്രിമാരോടൊപ്പം 2007 നവംബര്‍ 12ന് ആണു യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നവംബര്‍ 19നു വിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ അദ്ദേഹം രാജിവച്ചു.

സഭയില്‍ വിശ്വാസം തെളിയിക്കുമെന്നും അതിനു ശേഷം അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം നടത്തുമെന്നുമായിരുന്നു ഇന്ന് രാവിലെ വരെ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ആ വാക്ക് പാലിക്കാന്‍ യെദ്യൂരപ്പയ്ക്കായില്ല. ജനാധിപത്യ ഇന്ത്യയ്ക്കു മുന്നില്‍ അദ്ദേഹം അടിയറവ് പറയുന്നതിന് മുമ്പ് രാജിവെച്ചു പിന്‍വാങ്ങുകയായിരുന്നു.

പൊതുവെ പറഞ്ഞതെല്ലാം നടത്തി കാണിച്ചേ യെദ്യൂരപ്പയ്ക്ക് ശീലമുള്ളൂ. തൂക്കുസഭയാകും രൂപപ്പെടുകയെന്ന എക്‌സിറ്റ് പോള്‍ ഫലം പോലും തള്ളിക്കളഞ്ഞ് താന്‍ മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തന്നെയായിരുന്നു വോട്ടെണ്ണലിന് ഏതാനും ദിവസങ്ങള്‍ മുമ്പ് വരെ യെദ്യൂരപ്പ പ്രഖ്യാപിച്ചത്.

യെദ്യൂരപ്പയുടെ ഈ പ്രഖ്യാപനത്തെ സ്വപ്‌നം കാണലെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് സിദ്ധരാമയ്യ വരെ വിശേഷിച്ചത്. എന്നാല്‍ പറഞ്ഞത് പാഴ്വാക്കായില്ല. ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെ ദുരുപയോഗപ്പെടുത്തി മെയ് 17ന് തന്നെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന അവകാശ വാദം ഉന്നയിച്ചാണ് യെദ്യൂരപ്പ അധികാരത്തിലേറിയത്. ഭൂരിപക്ഷം തെളിയിക്കാന്‍ കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് കഴിയുമെന്നിരിക്കെയായിരുന്നു ഗവര്‍ണ്ണറുടെ പക്ഷപാതപരമായ ഇടപെടലിലൂടെ യെദ്യൂരപ്പ മുഖ്യമന്ത്രിയായത്.

മുഖ്യമന്ത്രി പദം നിലനിര്‍ത്താനാവുമെന്ന ആത്മവിശ്വാസമാണ് വിസ്വാസവോട്ടടെുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിനു ശേഷവും യെദ്യൂരപ്പ പുലര്‍ത്തിയിരുന്നത്. പക്ഷെ വെറും 55 മണിക്കൂര്‍ മാത്രമിരുന്ന് വിശ്വാസവോട്ടടെുപ്പിന് മിനുട്ടുകള്‍ ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. ടേം പൂര്‍ത്തിയാക്കാതെ മൂന്നാം തവണയാണ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെക്കുന്നത്.

കടപ്പാട്: മാതൃഭൂമി, മനോരമ