സുപ്രീംകോടതി വിധിയില്‍ ബിജെപി തന്ത്രങ്ങള്‍ പാളി: വിശ്വാസവോട്ട് യെദ്യൂരപ്പയ്ക്കും ബിജെപിക്കും വലിയ വെല്ലുവിളി; ബിജെപി ക്യാമ്പുകളില്‍ എംഎല്‍എമാരെ ‘റാഞ്ചാന്‍’ തിരക്കിട്ട ഗൂഡാലോചന

single-img
18 May 2018

നാളെ നാലു മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു യെദ്യൂരപ്പ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ എല്ലാ കണ്ണുകളും നിയമസഭാ മന്ദിരമായ വിധാന്‍ സൗധയിലേക്ക്. സഭയുടെ നടുത്തളത്തില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ യെദ്യൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടിവരും.

ഭൂരിപക്ഷം രേഖാമൂലം തെളിയിക്കുന്ന അടുത്ത കക്ഷിയെയോ മുന്നണിയെയോ പിന്നീട് സ്പീക്കര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. ഇതോടെ നാളെ വൈകീട്ട് 4 മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കുകയെന്ന വെല്ലുവിളിയാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്.

എണ്ണം തികയ്ക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെയന്ന ചോദ്യം ബാക്കിയാണ്. തിരക്കിട്ട കൂടിയാലോചനകളാണ് ബിജെപി ക്യാമ്പുകളില്‍ നടക്കുന്നത്. ഇന്നും നാളെ വൈകീട്ടുവരെയുമുള്ള സമയത്തിനുള്ളില്‍ യെദ്യൂരപ്പ മുഖ്യമന്ത്രി കസേരയിലിരുന്നും പുറത്തിരുന്ന് അമിത് ഷായും നടത്തുന്ന നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് ഇന്ത്യയിലെ രാഷ്ട്രീയ ലോകം കാത്തിരിക്കുകയാണ്.

104 എന്നത് 120 ആകുമെന്നും സംഖ്യ തികയ്ക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസ് ക്യാംപിലുള്ളവര്‍ തങ്ങളെ പിന്തുണയ്ക്കുമെന്നും ആയിരുന്നു ശോഭ കരന്തലജെയുടെ പ്രതികരണം. വിശ്വാസ വോട്ടെടുപ്പ് പ്രോടേം സ്പീക്കറുടെ നിയന്ത്രണത്തിലായിരിക്കണം എന്ന് സുപ്രീംകോടതി പറഞ്ഞതോടെ പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കുന്നതില്‍ ഗവര്‍ണര്‍ക്കടക്കം ഇടപെടാനാകുമോ എന്ന സാധ്യതയും ബിജെപി പരിശോധിക്കുന്നുണ്ട്.

അങ്ങനെയെങ്കില്‍ മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയെ ബിജെപി നാമനിര്‍ദേശം ചെയ്‌തേക്കും. നിലവില്‍ കോണ്‍ഗ്രസ് നേതാവ് ആര്‍ വി ദേശ്പാണ്ഡെയാണ് സഭയിലെ മുതിര്‍ന്ന അംഗം. എങ്ങനെയാണ് ബിജെപി ഇവരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് ചോദ്യം. വിജയനഗര എംഎ.എ ആനന്ദ് സിംഗ് ഇപ്പോഴും അജ്ഞാത കേന്ദ്രത്തിലാണ്. മറ്റൊരു എംഎല്‍എ പ്രതാപ ഗൗഡ പാട്ടീലും കോണ്‍ഗ്രസ് ക്യാംപിലില്ല. ഇവര്‍ രണ്ടാള്‍ വിട്ടുനിന്നാലും വീണ്ടും 12 പേരുടെ കൂടി പിന്തുണ ബിജെപിക്ക് വേണം.

നിലവില്‍ ബിജെപിക്ക് 104 ഉം കോണ്‍ഗ്രസ് 78 ഉം ജെഡിഎസ് 37 ഉം ഒരു കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനും ഒരു ബിഎസ്പി എംഎല്‍എയും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണുള്ളത്. ഇതില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ അസുഖ ബാധിതനായും മറ്റൊരാള്‍ ബിജെപി പക്ഷത്തേക്കും ചാഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നീ എംഎല്‍എമാരാണ് മാറിനില്‍ക്കുന്നത്. ഇതില്‍ പ്രതാപ് ഗൗഡ പാട്ടീല്‍ ഏറ്റവും കുറവ് സമ്പത്ത് തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തില്‍ രേഖപ്പെടുത്തിയ കര്‍ഷകനായ രാഷ്ട്രീയക്കാരനാണ്. ആനന്ദ് സിംഗ് എംഎല്‍എ ഇതുവരെ ഏത് ഭാഗത്ത് നില്‍ക്കുമെന്ന് കൃത്യമായി ആവകാശപ്പെടാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടില്ല.

നാളെ കര്‍ണാടക നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇങ്ങനെ:

നിയമസഭയ്ക്ക് നിലവില്‍ സ്പീക്കറില്ലാത്തതിനാല്‍ പ്രോടേം (ഇടക്കാല) സ്പീക്കറെ നിയമിക്കുകയാണ് ആദ്യ നടപടി. മന്ത്രിസഭ (ബെംഗളൂരുവില്‍ മുഖ്യമന്ത്രിയായി യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്) ഇടക്കാല സ്പീക്കറെ തിരഞ്ഞെടുത്ത് ഫയല്‍ ഗവര്‍ണര്‍ക്കു കൈമാറും. പ്രോടേം സ്പീക്കര്‍ ഗവര്‍ണര്‍ക്കു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

നാളെ നാലു മണിക്ക് മുന്‍പു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. സഭ സമ്മേളിക്കുന്നതിന്റെയും വോട്ടെടുപ്പിന്റെയും സമയം നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. ഇതിനു ഗവര്‍ണറുടെ അംഗീകാരം വാങ്ങും. നിയമസഭയില്‍ വോട്ടെടുപ്പു നടത്തുന്നതിനെ സംബന്ധിച്ചും സ്പീക്കര്‍ ഇല്ലാത്തതിനാല്‍ എല്ലാ അധികാരങ്ങളും പ്രോടേം സ്പീക്കര്‍ക്ക് കൈമാറുന്നത് സംബന്ധിച്ചും രണ്ടു വിജ്ഞാപനങ്ങള്‍ ഗവര്‍ണറുടെ ഓഫിസ് പുറത്തിറക്കും.

സഭ സമ്മേളിക്കുമ്പോള്‍ പ്രോടേം സ്പീക്കര്‍ക്ക് മുന്നില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ഇതിനുശേഷം പ്രോടേം സ്പീക്കര്‍, സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തും. സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമാണ് സാധാരണ രീതിയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുക.

സ്പീക്കറുടെ എല്ലാ അധികാരങ്ങളും ഗവര്‍ണര്‍ പ്രോടേം സ്പീക്കര്‍ക്ക് നല്‍കുന്നതിനാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താതെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പ്രോടേം സ്പീക്കര്‍ക്കു കഴിയും. ഗോവയിലെ സംഭവം ഉദാഹരണം.

വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതാണ് വോട്ടെടുപ്പിന്റെ ആദ്യഘട്ടം. ഭൂരിപക്ഷം അവകാശപ്പെടുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ നേതാവാണ് പ്രമേയം അവതരിപ്പിക്കുക. ബെംഗളൂരുവില്‍ യെഡിയൂരപ്പയായിരിക്കും പ്രമേയം അവതരിപ്പിക്കുന്നത്. സാധാരണ രീതിയില്‍ ഒറ്റവരി പ്രമേയമാണ്. ഉദാഹരണത്തിന് ‘ യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഈ സഭയ്ക്ക് മുന്‍പാകെ വിശ്വാസ വോട്ടെടുപ്പ് തേടുന്നു.’.

സ്പീക്കറുടെ അനുമതിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വോട്ടുകള്‍ എതിര്‍കക്ഷികള്‍ക്കു പോകാതിരിക്കാന്‍ ഓരോ പാര്‍ട്ടിയും എംഎല്‍എമാര്‍ക്ക് ‘വിപ്പ്’ നല്‍കും. ഇന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയാള്‍ അയോഗ്യനാകും. അയോഗ്യരായ എംഎല്‍എമാരെ ഒഴിവാക്കിയാകും സഭയിലെ ഭൂരിപക്ഷം നിശ്ചയിക്കുക. എന്നാല്‍ ഒരാള്‍ അയോഗ്യനാണോ എന്നു പരിശോധിക്കേണ്ടത് സ്പീക്കറാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദത്തിനനുസരിച്ച് സ്പീക്കര്‍ തീരുമാനം വര്‍ഷങ്ങളോളം നീട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതോടെ അംഗത്തിന് നിയമ നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയും.

സഭയില്‍ ഭൂരിപക്ഷം നേടിയാല്‍ യെഡിയൂരപ്പയ്ക്ക് അധികാരത്തില്‍ തുടരാം. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് ജനതാദള്‍ (എസ്) മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.

ഗവര്‍ണര്‍ക്ക് അവരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കേണ്ടിവരും. കോണ്‍ഗ്രസ് ജനതാദള്‍(എസ്) മുന്നണിക്കും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകും. സര്‍ക്കാര്‍ രൂപീകരണം നീളുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കും തിരഞ്ഞെടുപ്പിലേക്കുമെല്ലാം കാര്യങ്ങള്‍ നീളും.