മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തു: ‘ചെങ്ങന്നൂരിലെ’ ഇടത് കേന്ദ്രങ്ങള്‍ക്ക് ആശങ്ക

single-img
18 May 2018

മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴ് പ്രതികളാണുള്ളത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് മൈക്രോ ഫിനാന്‍സിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് എസ്എന്‍ഡിപി സംരക്ഷണസമിതിയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴ് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഇന്നലെ ഉത്തരവിട്ടു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ പൊലീസ് വെള്ളാപ്പള്ളി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കേസ് കൈമാറും. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതില്‍ ഇടത് കേന്ദ്രങ്ങള്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ട്.

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിന്റെ വോട്ടിന്റെ ഒരു ഭാഗം പ്രതീക്ഷിച്ചിരിക്കുന്നതിനിടയില്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തതിനെ അണികള്‍ എങ്ങനെ കാണുമെന്ന് കാത്തിരുന്ന് കാണണം.