കര്‍ണാടകയില്‍ എം.എല്‍.എമാരെ സുരക്ഷിതമായി കൊണ്ടുപോകാന്‍ ശര്‍മ ബസ്; ഇതിന് പിന്നില്‍

single-img
18 May 2018

കര്‍ണാടകയില്‍ ഇപ്പോഴും രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൈവശമുള്ള എം.എല്‍.എമാരെ പ്രതിയോഗികള്‍ റാഞ്ചാതിരിക്കാന്‍ നെട്ടോട്ടമോടുകയാണ് കോണ്‍ഗ്രസും ജെഡിഎസും.

എംഎല്‍എമാരെ സുരക്ഷിതമായി എത്തിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ആശ്രയിച്ചത് ശര്‍മ്മ ട്രാവല്‍സിന്റെ ബസുകളാണ്. ഇതിനു മുമ്പും രാഷ്ട്രീയ നാടകം കര്‍ണാടകയില്‍ അരങ്ങേറിയപ്പോഴും ഇതേ ബസിലായിരുന്നു എംഎല്‍എമാരുടെ യാത്ര.

കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഡിപി ശര്‍മ്മയാണ് ശര്‍മ്മ ട്രാവല്‍സിന്റെ ഉടമ. രാജസ്ഥാനില്‍ നിന്നാണ് ശര്‍മ്മ ബംഗളൂരുവിലെത്തിയത്. ആദ്യ കാലങ്ങളില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ശര്‍മ്മ പിന്നീട് ബിസിനസിലേക്ക് ചുവടുമാറ്റുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവൂ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായും ശര്‍മ്മയ്ക്ക് അടുത്ത ബന്ധമുണ്ട്. 2001 ല്‍ ശര്‍മ്മ അന്തരിച്ചതോടെ മകന്‍ സുനില്‍ കുമാര്‍ ശര്‍മ്മയാണ് നിലവില്‍ സ്ഥാപനത്തിന്റെ തലപ്പത്ത്.

ബംഗളുരുവില്‍ നിന്ന് മുംബൈ, പൂനെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ഗോവ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് ശര്‍മ്മ ട്രാവല്‍സ് സര്‍വീസ് നടത്തുന്നത്. ഒരു കാലത്തെ ഏറെ വിശ്വസ്തനായ പ്രവര്‍ത്തകന്റെ സ്മരണ നിലനില്‍ക്കുന്ന ബസ് തന്നെ തെരഞ്ഞെടുത്തതും ഈ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഇഴയടുപ്പം കൊണ്ടാണ്.