രഹസ്യബാലറ്റ് എന്ന ബി.ജെ.പിയുടെ ആവശ്യവും കോടതി തള്ളി: ആദ്യ റൗണ്ടില്‍ വിജയം കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന്; തിരിച്ചടിയില്‍ പതറി മോദിയും കൂട്ടരും

single-img
18 May 2018

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ കൂടുതല്‍ സമയം വേണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിയ സുപ്രീംകോടതി രഹസ്യ ബാലറ്റ് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശവും നിരസിച്ചു. വിശ്വാസവോട്ട് തേടാന്‍ തിങ്കളാഴ്ച വരെയെങ്കിലും സമയം വേണമെന്നാണ് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് – ജെ.ഡി.എസ് അംഗങ്ങള്‍ സംസ്ഥാനത്തിന് പുറത്താണെന്നും ഇവര്‍ക്ക് വോട്ടെടുപ്പിനെത്താന്‍ സമയം നല്‍കണമെന്നുമായിരുന്നു റോത്തഗി ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

ശനിയാഴ്ച വിശ്വാസ വോട്ട് തേടണമെന്ന ഉത്തരവിലേക്ക് കോടതി കടന്നതോടെ, ഇത് രഹസ്യ ബാലറ്റിലൂടെ ആകണമെന്ന നിര്‍ദ്ദേശവുമായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ എഴുന്നേറ്റു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കാനുള്ള ഗവര്‍ണറുടെ തീരുമാനവും സുപ്രീംകോടതി തടഞ്ഞു. ഇതിന് പുറമെ കഴിഞ്ഞ ദിവസം സ്ഥാനമേറ്റെടുത്ത യെദിയൂരപ്പയെ നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും കോടതി വിലക്കുകയും ചെയ്തു.

സുപ്രീംകോടതിയില്‍ ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനെടുവിലാണ് നാല് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. അതേസമയം കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്കുണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്താനുള്ള സുപ്രീംകോടതി വിധി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിന് താല്‍ക്കാലിക ആശ്വാസവുമായി സുപ്രീംകോടതി ഇടപെടല്‍. ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്.

‘ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥ’യെന്ന് വിശേഷിപ്പിച്ചാണ് ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന വാദത്തിന് രാവിലെ 10.30 ഓടെ സുപ്രീംകോടതി തുടക്കമിട്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിലെ സാംഗത്യത്തെക്കുറിച്ച് ആദ്യമേ സുപ്രീംകോടതി സംശയം രേഖപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് യെഡിയൂരപ്പ ഗവര്‍ണര്‍ക്കു നല്‍കിയ രണ്ടു കത്തുകളും സുപ്രീംകോടതി പരിശോധിച്ചു.

കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവാണ് യെഡിയൂരപ്പയെന്നും ഈ മാനദണ്ഡം വച്ചാണ് അദ്ദേഹത്തെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്നും റോഹ്തഗി വാദിച്ചു. യെഡിയൂരപ്പയ്ക്ക് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു സഭയില്‍ തെളിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ഇതേക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും റോഹ്തഗി നിലപാടെടുത്തു. കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യം ഒപ്പമുണ്ടെന്ന് പറയുന്ന ചില എംഎല്‍എമാര്‍ രേഖാ മൂലം പിന്തുണ ഉറപ്പു നല്‍കിയിട്ടില്ലെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണം നമ്പരുകളുടെ കളിയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഭൂരിപക്ഷമുള്ളവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതെന്ന നിരീക്ഷണം നടത്തി. ഇതിനിടെ, ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കോണ്‍ഗ്രസ്–ദള്‍ സഖ്യത്തിനായി സിങ്‌വി വാദിച്ചു.

അങ്ങനെയെങ്കില്‍ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്തിക്കൂടേയെന്ന് സുപ്രീംകോടതി ഇരു കക്ഷികളോടും ആരാഞ്ഞു. അപകടം മണത്ത ബിജെപി അഭിഭാഷകന്‍ മുകള്‍ റോഹ്തഗി ഈ നിര്‍ദേശത്തെ എതിര്‍ത്തു. ‘ആവശ്യമായ സമയം’ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, നാളെത്തന്നെ വിശ്വാസ വോട്ടെട്ടുപ്പ് നടത്താന്‍ സന്നദ്ധരാണെന്ന് കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനായി ഹാജരായ മനു അഭിഷേക് സിങ്‌വി രേഖാമൂലം കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ബിജെപിക്ക് കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി നാളെ നാലു മണിക്കു മുന്‍പ് ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇതോടെ 15 ദിവസത്തെ സമയം അനുവദിച്ച ഗവര്‍ണറുടെ ഉത്തരവ് അസാധുവായി. അങ്ങനെയെങ്കില്‍ രഹസ്യ ബാലറ്റ് അനുവദിക്കണമെന്ന് ബിജെപി അഭിഭാഷകന്‍ വാദിച്ചെങ്കിലും ഈ നിര്‍ദേശവും സുപ്രീംകോടതി തള്ളി.

കടുത്ത ഭീഷണി നേരിടുന്ന കോണ്‍ഗ്രസ്–ജെഡിഎസ് എംഎല്‍എമാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. ആംഗ്ലോ–ഇന്ത്യന്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനവും സ്റ്റേ ചെയ്തതോടെ കോടതിയില്‍ ബിജെപിയുടെ തിരിച്ചടി പൂര്‍ണം.

സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ

ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കാന്‍ റോഹ്ത്തഗിയോട് കോടതി ആവശ്യപ്പെടുന്നു. കത്ത് റോഹ്ത്തഗി കോടതിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ ആരൊക്കെയാണ് പിന്തുണയ്ക്കുന്നതെന്ന് യെദ്യൂരപ്പ കത്തില്‍ വ്യക്തമാക്കിയിരുന്നില്ല.

ബി ജെ പിയെ പിന്തുണയ്ക്കുന്നത് ആരൊക്കെയെന്ന് കോടതി. കോണ്‍ഗ്രസും ജെ ഡി എസും ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ അവരെ പിന്തുണയ്ക്കുന്നവരുടെ ഒപ്പുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

പിന്തുണയ്ക്കുന്ന അംഗങ്ങളുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് റോത്ത്ഗിയുടെ മറുപടി

സംഖ്യകളുടെ കളിയാണിതെന്നും(സര്‍ക്കാര്‍ രൂപവത്കരണം) ആര്‍ക്കാണ് കൂടുതല്‍ പിന്തുണയുള്ളതെന്ന് നോക്കുകയാണ് ഗവര്‍ണര്‍ വേണ്ടതെന്നും കോടതി

കോണ്‍ഗ്രസും ജെ ഡി എസും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് റോഹ്ത്തഗിയുടെ ആരോപണം

എന്തുകൊണ്ട് നാളെ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടായെന്ന് കോടതി.

വിശ്വാസ വോട്ടെടുപ്പിന് നാളെ തയ്യാറാണെന്ന് കോണ്‍ഗ്രസും ജെ ഡി എസും. എം എല്‍ എമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോണ്‍ഗ്രസും ജെ ഡി എസും ആവശ്യപ്പെടുന്നു.

നാളെ വിശ്വാസവോട്ടെടുപ്പിന് തയ്യാറല്ലെന്ന് ബി ജെ പി. സമയം ആവശ്യമാണെന്നും റോഹ്ത്തഗി

കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് കോടതി.

നാളത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതിയുടെ നിര്‍ദേശം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി.

ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും കത്ത് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മെഹ്ത.