കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെ?: സുപ്രീംകോടതി

single-img
18 May 2018

ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെയെന്ന് സുപ്രീംകോടതി. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്–ജനതാദള്‍ സഖ്യം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ബി.എസ്. യെഡിയൂരപ്പ നല്‍കിയ കത്തും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, ബിജെപി വലിയ ഒറ്റക്കക്ഷിയാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും ബിജെപിയുടെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു.

സര്‍ക്കാരിയ റിപ്പോര്‍ട്ടും ബൊമ്മ കേസ് വിധിയും പരാമര്‍ശിച്ചായിരുന്നു വാദം. കോണ്‍ഗ്രസ് ദള്‍ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95 ശതമാനം ആളുകളും തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും വാദമുണ്ട്. ഭൂരിപക്ഷമുണ്ടെന്നു കാട്ടി യെഡിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്കു നല്‍കിയ രണ്ടു കത്തുകളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം നല്‍കിയ കത്തില്‍ തങ്ങള്‍ക്കു 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ടെന്നു പറഞ്ഞിരുന്നു. എന്നാല്‍ യെഡിയൂരപ്പ നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിര്‍ത്തി യെഡിയൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോടതി തേടുന്നത്.