ബിഹാറില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന ആര്‍ജെഡിയുടെ അവകാശവാദം ഗവര്‍ണര്‍ തള്ളി

single-img
18 May 2018

കര്‍ണാടകയില്‍ വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ ബിഹാറില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണമെന്ന ആര്‍ജെഡിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാണ് ആര്‍ജെഡി ആവശ്യം ഉന്നയിച്ചത്.

കോണ്‍ഗ്രസ്, സിപിഐ എംഎല്‍ അടക്കമുള്ള പാര്‍ട്ടികളുടെ കത്തും ആര്‍ജെഡി സമര്‍പ്പിച്ചിരുന്നു. ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കിയ തേജസ്വി യാദവ് കര്‍ണാടകയില്‍ അവലംബിച്ച അതേ രീതി ബിഹാറിലും പിന്തുടരണമെന്ന് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ജെഡിയോട് ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അവസരം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി.

അതേസമയം ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് നിയമസഭാ കക്ഷി അംഗങ്ങള്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയുമായി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഉച്ചയോടെ ഗവര്‍ണറെ കണ്ട കോണ്‍ഗ്രസ് സംഘം, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തും ഗവര്‍ണര്‍ക്കു കൈമാറി.

ഇക്കാര്യത്തില്‍ ഏഴു ദിവസത്തിനകം തീരുമാനമറിയിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഗോവയിലെ 16 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 14 പേരും ഗവര്‍ണറെ കണ്ട സംഘത്തിലുണ്ടായിരുന്നു. ഒരാള്‍ വിദേശത്തായതിനാലും മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാലും എത്തിച്ചേരാനായില്ല. 15 മിനിറ്റോളം ഇവര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി.

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, ഗോവ ഗവര്‍ണറും അതേ മാര്‍ഗം പിന്തുടരണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഗോവ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ 2017 മാര്‍ച്ച് 12ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെ ബിജെപി സഖ്യത്തെ ക്ഷണിച്ച ഗവര്‍ണര്‍, തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കാവ്‌ലേക്കര്‍ വ്യക്തമാക്കി.

ഗോവയില്‍ 2017 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 ല്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 21 സീറ്റു തികയ്ക്കാന്‍ സാധിക്കാതെ വന്നതാണ് കോണ്‍ഗ്രസിന് വിനയായത്.

അവസരം മുതലെടുത്ത് പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും വലയിലാക്കിയ ബിജെപി, തങ്ങളുടെ 13 സീറ്റിനൊപ്പം ഇവരെയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. കേവല ഭൂരിപക്ഷമുള്ള കക്ഷിയെന്ന നിലയില്‍ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇതോടെ പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ചെത്തിയ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറി.

മണിപ്പുര്‍, മേഘാലയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സമാനമായ നീക്കത്തിനു കോപ്പുകൂട്ടുന്ന സാഹചര്യത്തില്‍, കര്‍ണാടക തിരഞ്ഞെടുപ്പോടെ ഉരുത്തിരിഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ദേശീയ തലത്തില്‍ പുതിയ മാനം കൈവന്നു.