പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി: ഇനിയും നാലു രൂപ കൂട്ടും

single-img
18 May 2018

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് ഇന്ന് 30 പൈസ വര്‍ധിച്ച് 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച് 72.82 രൂപയായി. കര്‍ണാടക നയിമസഭാ തെരഞ്ഞെടുപ്പിനു ശേഷം അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.08 രൂപയും ഡീസലിന് 1.30 രൂപയുമാണ് വര്‍ധിച്ചത്.

അതേസമയം പെട്രോള്‍ വില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 19 ദിവസം വില പുനരവലോകനം നിര്‍ത്തിവെച്ചതു മൂലം ലാഭത്തിലുണ്ടായ ഇടിവ് നികത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിട്ടും മൂന്നാഴ്ച്ചയോളം എണ്ണ വില കൂട്ടാതിരുന്നത് വരുമാനത്തെ ബാധിച്ചെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തലെന്ന് കോച്ചക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അസംസ്‌കൃത എണ്ണവില വര്‍ധന, രൂപയുടെ വിലയിടിവ് എന്നിവ മൂലം 500 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കമ്പനികളുടെ കണക്ക്.