കര്‍ണാടകയില്‍ വീണ്ടും അട്ടിമറി: കീഴ്‌വഴക്കം തെറ്റിച്ച് ബിജെപിയിലെ ബൊപ്പയ്യ പ്രോടെം സ്പീക്കര്‍

single-img
18 May 2018

ബംഗളൂരു: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വിശ്വാസവോട്ട് നടക്കുന്ന കര്‍ണാടകയില്‍ മുന്‍ സ്പീക്കറും ബിജെപി എംഎല്‍എയുമായ കെ.ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചു. ബൊപ്പയ്യ ഗര്‍ണര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുതിര്‍ന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്‌വഴക്കം തെറ്റിച്ചാണ് നിയമനം. 2009-13 വരെ സ്പീക്കറായി ബൊപ്പയ്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുതിര്‍ന്ന അംഗമായ കോണ്‍ഗ്രസിലെ ആര്‍.വി.ദേശ് പാണ്ഡെയെ മറികടന്നാണ് ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചത്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നിയമനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടെം സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നും സുപ്രീംകോടതി നേരത്തെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതോടെയാണ് ഗവര്‍ണര്‍ ബൊപ്പയ്യയെ നിയമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിരാജ്‌പേടില്‍നിന്നുള്ള എംഎല്‍എയാണ് ബൊപ്പയ്യ. കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വിശ്വസ്തന്‍കൂടിയാണ് ബൊപ്പയ്യ. 2011ല്‍ യെദിയൂരപ്പ സര്‍ക്കാരിനെതിരെ പിന്തുണ പിന്‍വലിച്ച 11 എംഎല്‍എമാരെ സ്പീക്കറായിരുന്ന ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ഈ നടപടിയെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.

അതേസമയം ബി.എസ്.യെഡിയൂരപ്പ തന്നെയാവും തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന വിശ്വാസ പ്രമേയം അവതരിപ്പിക്കുക. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും നാളെ നടക്കും. ഏത് രാഷ്ട്രീയപാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ചു എന്ന് വ്യക്തമാക്കുന്ന രേഖയിലും ഒപ്പിടണം.

നാല് മണിക്കാവും വിശ്വാസ പ്രമേയം സഭാതലത്തില്‍ അവതരിപ്പിക്കപ്പെടുക. ഇതില്‍ എം.എല്‍എമാര്‍ അവരുടെ ഇരിപ്പടത്തിന് മുന്നിലുള്ള ബസ്സര്‍ അമര്‍ത്തുമ്പോള്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനില്‍ വോട്ടുകള്‍ രേഖപ്പെടുത്തും. ഇത് സഭാതലത്തിലെ ഡിസ്പ്‌ളേ ബോര്‍ഡില്‍ തെളിയും.

ഏത് എം.എല്‍എ ആര്‍ക്ക് വോട്ടുചെയ്തു എന്ന് ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനില്‍ നിന്ന് വ്യക്തമാകുകയും ചെയ്യും. ഇതിന്റെ പ്രിന്റ് ഔട്ട് അതാത് പാര്‍ട്ടികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിക്കും. കൂറുമാറ്റം തടയുന്നതിനാണിത്. ഇതാണ് പരസ്യവോട്ടിന്റെ ആദ്യവഴി.

കൈപൊക്കി ശബ്ദവോട്ടോടെ എം.എല്‍.എമാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഇത് സഭാതലത്തില്‍ വലിയശബ്ദമാനമായ രംഗങ്ങള്‍ക്ക് വഴിവെക്കാം, ആശയക്കുഴപ്പത്തിനും ഇടയുണ്ട്. ഇതില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് പ്രോടെം സ്പീക്കര്‍ക്ക് തീരുമാനിക്കാം. പക്ഷെ സുപ്രീം കോടതി നിരീക്ഷണം ഉണ്ടെന്നും മറക്കാനാവില്ല.

ഭരണ, പ്രതിപക്ഷങ്ങളുടെ വോട്ടു നില തുല്യമായാല്‍ മാത്രമെ പ്രോടെം സ്പീക്കര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ളൂ. കര്‍ണ്ണാടകം ആര് ഭരിക്കുമെന്ന് തീരുമാനിക്കപ്പെടുന്നതിനൊപ്പം ജനാധിപത്യത്തിന്റെ സുതാര്യവഴികള്‍കൂടിയാണ് വിധാന്‍സഭയിലെ വോട്ടെടുപ്പ് വ്യക്തമാക്കുക.

നേരത്തെ, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശവും കോടതി തടഞ്ഞത് ബിജെപിക്കു വന്‍ ക്ഷീണമായി. കേസ് പരിഗണിച്ചപ്പോള്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു.

കോണ്‍ഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു.

ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറാണ്. ബിജെപി ആദ്യം ഭൂരിപക്ഷം സഭയില്‍ തെളിയിക്കട്ടെ, ഗവര്‍ണ്ണറുടെ നടപടിയില്‍ വിധി പിന്നീടു പറയാമെന്നും കോടതി പറഞ്ഞു.

അതേസമയം, കോടതിയില്‍ നല്‍കിയ യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യം നല്‍കിയ കത്തില്‍ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിജെപിയുടെ കത്തുകളില്‍ വലിയ ഒറ്റക്കക്ഷിയാണെന്നും പുറമേനിന്നു പിന്തുണയുണ്ടെന്നുമാണു പറഞ്ഞിരിക്കുന്നത്.