ഗോവയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്സ്: 16 പേരുടെ ഒപ്പ് ശേഖരിച്ച് എംഎല്‍എമാര്‍ രാജ്ഭവനില്‍

single-img
18 May 2018

കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ കേവല ഭൂരിപക്ഷമായ 113 സീറ്റുകള്‍ നേടാന്‍ ഒരുപാര്‍ട്ടിയ്ക്കും ആകാത്ത സാഹചര്യത്തില്‍ ഭരണം ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഏല്‍പ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സംസ്ഥാന രാഷ്ട്രീയം പുകയുകയാണ്.

ഏറ്റവും വലിയ ഒറ്റകക്ഷി 104 സീറ്റുകള്‍ നേടിയ ബിജെപി ആണെങ്കിലും 117 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടും വിവേചനാധികാര പ്രകാരം കര്‍ണാടക ഗവര്‍ണര്‍ വാജുബേയി വാല ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഭരണത്തിലേക്ക് ക്ഷണിക്കേണ്ടതെന്ന വാദമാണ് ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് നേരെ ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്ന അതത് ഗവര്‍ണര്‍മാര്‍ ബിജെപിയെയാണ് അധികാരത്തിലേക്ക് ക്ഷണിച്ചത്.

ഇത് ഗവര്‍ണറുടെ വിവോചനാധികാര പരിധിയ്ക്കുള്ളില്‍ വരുന്നതാണെന്നാണ് കേന്ദ്രമന്ത്രിമാരടക്കമുള്ള നേതാക്കള്‍ പ്രതിരോധത്തിനായി വാദിക്കുന്നത്. എന്നാല്‍ മണിപ്പൂര്‍, ഗോവ, ബീഹാര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കര്‍ണാടക മോഡല്‍ ആവര്‍ത്തിക്കണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഇതേത്തുടര്‍ന്ന് ഗോവയിലെ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ വെള്ളിയാഴ്ച രാവിലെ തന്നെ രാജ്ഭവനിലെത്തി. ഗവര്‍ണ്ണര്‍ മൃദുലസിന്‍ഹയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് എംഎല്‍എമാര്‍ രാജ്ഭവനിലെത്തിയത്.

കര്‍ണാടകത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണ്ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സ്, എംഎല്‍എമാരായ 16 പേരുടെ ഒപ്പ് ശേഖരിച്ച് രാജ്ഭവനിലെത്തിയത്.

മണിപ്പൂര്‍, ഗോവ, ബീഹാര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സംഖ്യം രാജി വച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയ്ക്ക് ഭരിക്കാന്‍ മാറിക്കൊടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവായ റണ്‍ദീപ് സുര്‍ജേവാല ദില്ലിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനും ഭരണം ലഭിച്ചില്ല. ”കര്‍ണാടക ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിലേക്ക് ക്ഷണിച്ചെങ്കില്‍ എന്തുകൊണ്ട് ഗോവ ഗവര്‍ണര്‍ അത് ചെയ്തില്ല ? എന്തുകൊണ്ടാണ് രണ്ട് സംസ്ഥാനങ്ങള്‍ക്ക് രണ്ട് രീതി ?” ഗോവയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചൊദാന്‍കര്‍ ട്വീറ്റ് ചെയ്തു.

40 സീറ്റില്‍ 17 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായത്. നാല് ദിവസമാണ് മനോഹര്‍ പരീക്കര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കിയത്. എന്നാല്‍ കര്‍ണാടകയില്‍ ഇത് 15 ദിവസമാണ്.

അതിനിടെ, മണിപ്പൂരിലെ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ് ഗവര്‍ണറെ കാണാനിരിക്കുകയാണ്. 60 സീറ്റുകളുള്ള മണിപ്പൂരില്‍ 28 സീറ്റാണ് 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത്. ബിജെപി 21 ഉം എന്‍പിഎഫ്, എന്‍പിപി, ലോക് ജന്‍ശക്തി, എഐടിസി എന്നിവയ്ക്ക് 11 സീറ്റുകളുമാണ് ലഭിച്ചത്. അതേസമയം ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി, പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് നേതാവ് തേജസ്വി യാദവ് പറഞ്ഞു.