ഫുജൈറയില്‍ തൊഴിലാളികള്‍ക്കായി മുസ്ലീംപള്ളി പണിത് ക്രിസ്ത്യന്‍ വിശ്വാസിയായ മലയാളി പ്രവാസി

single-img
18 May 2018

ഫുജൈറ: ഫുജൈറയില്‍ തൊഴിലാളികള്‍ക്കായി മുസ്ലീംപള്ളി പണിത് പ്രവാസി മലയാളി. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് റംസാന്‍ സമ്മാനമായി തൊഴിലാളികള്‍ക്ക് പള്ളി പണിത് നല്‍കിയത്. ജുമുഅ നിസ്‌കാരത്തിനായി നൂറുകണക്കിന് തൊഴിലാളികള്‍ ഇരുപത് ദിര്‍ഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേയ്ക്ക് ടാക്‌സിയില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സജി ചെറിയാന്‍ ഇവര്‍ക്കായി പള്ളി നിര്‍മ്മിച്ച് നല്‍കിയത്.

ഫുജൈറ വ്യവസായ മേഖലയായ അല്‍ ഹൈലിലെ ലേബര്‍ ക്യാംപിനടുത്ത് സജി സ്വന്തം കീശയില്‍ നിന്ന് പണം ചെലവഴിച്ച് നിര്‍മിച്ച മുസ്‌ലിം പള്ളി ഈ റമസാന്‍ 17ന് വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കും. ‘മര്‍യം; ഉമ്മു ഈസ (മര്‍യം, ഈസയുടെ മാതാവ്)’ എന്നാണ് പള്ളിക്ക് പേരിട്ടത്. അബുദാബിയില്‍ കഴിഞ്ഞ വര്‍ഷം ഇതേ പേര് പള്ളിക്ക് നല്‍കിയിരുന്നു. ഇതര മതക്കാരനായ ഒരാള്‍ യുഎഇയില്‍ നിര്‍മിച്ച ആദ്യത്തെ മുസ്‌ലിം പള്ളി അങ്ങനെ ചരിത്രത്തിലും ഇടംപിടിക്കും.

അല്‍ ഹൈലിലെ ലേബര്‍ ക്യാംപില്‍ അറുപതോളം കമ്പനികളുടെ 4500 തൊഴിലാളികളാണ് താമസിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും മുസ്‌ലിങ്ങളാണ്. പള്ളി യാഥാര്‍ഥ്യമാകുന്നതോടെ ഇവരുടെ പ്രയാസങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും.

പള്ളി എന്ന ആവശ്യവുമായി ഫുജൈറ മതകാര്യ വകുപ്പിനെ സമീപിച്ചപ്പോള്‍ വളരെ മികച്ച സമീപനമായിരുന്നു ലഭിച്ചതെന്ന് സജി പറയുന്നു: ഞാനൊരു ക്രിസ്ത്യാനിയാണെന്നറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥരെല്ലാം ആശ്ചര്യപ്പെട്ടു. പക്ഷേ, ഈ ഉദ്യമത്തിന് പിന്നിലെ ലക്ഷ്യമറിഞ്ഞപ്പോള്‍ ഏറെ അഭിനന്ദിക്കുകയുമുണ്ടായി.

തുടര്‍ന്ന് എല്ലാവരില്‍ നിന്നും ലഭിച്ച പിന്തുണ വിവരണാതീതമാണ്. സംഭവം അറിഞ്ഞ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് എത്തിയവരേറെ. കല്ല്, സിമന്റ്, പെയിന്റ് തുടങ്ങിയവ തരാമെന്നും നിര്‍മാണ സാമഗ്രികളെത്തിക്കാമെന്നുമൊക്കെ പറഞ്ഞു സമപീച്ചവരും ഒത്തിരി പേരുണ്ട്. പക്ഷേ, ആരില്‍ നിന്നും ഒരു സഹായവും സ്വീകരിക്കാതെയാണ് സജി ഈ ആരാധനാലയം പൂര്‍ത്തിയാക്കുന്നത്.

13 ലക്ഷം ദിര്‍ഹമാണ് നിര്‍മാണ ചെലവ്. ജോലിക്കാരെല്ലാം സജിയുടെ കമ്പനിയിലുള്ളവര്‍ തന്നെ. വളരെ മനോഹരമായ പള്ളിയില്‍ ഒരു സമയം 250 പേര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കാന്‍ സാധിക്കും. അങ്കണത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്കും. 2003ലാണ് എന്‍ജിനീയറായ സജി ഉപജീവന മാര്‍ഗം തേടി യുഎഇയിലെത്തുന്നത്.

കടപ്പാട്: മനോരമ