ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നു: ട്രോളന്മാരെ പേടിച്ച് നേതാക്കള്‍

single-img
18 May 2018

അബദ്ധപരാമര്‍ശങ്ങളിലൂടെ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. മേയ് 24ന് ബിപ്ലബ് കുമാര്‍ ചെങ്ങന്നൂരിലെത്തുമെന്നാണ് വിവരം.

വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്. അത്രത്തോളം പ്രിയപ്പെട്ടവനാണ് ട്രോളന്മാര്‍ക്ക് ബിപ്ലബ് കുമാര്‍ ദേബ്.

ഭരണത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തുടര്‍ച്ചയായ അബദ്ധ പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധി നേടിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ട് ബിപ്ലവ് ദേബ് അപഹാസ്യനായിരുന്നു.

വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിച്ചാണ് ത്രിപുര മുഖ്യമന്ത്രി പ്രതികരിച്ചത്. ഒരുവര്‍ഷം 104 സാറ്റലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നും അദ്ദേഹം വാദിച്ചു.