എംഎല്‍എമാരെ ബിജെപി റാഞ്ചാതിരിക്കാന്‍ ‘ആപ്പു’മായി കോണ്‍ഗ്രസ്

single-img
18 May 2018

കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന ഭീഷണി നിലനില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍.

എംഎല്‍എമാരെ ബെംഗളൂരുവിനു പുറത്തുള്ള റിസോര്‍ട്ടുകളിലേക്കു മാറ്റിയതിനു പിന്നാലെയാണ് അവരുടെ ഫോണുകളില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതുവഴി, ആ ഫോണിലേക്കെത്തുന്ന കോളുകളും എസ്എംഎസുകളും വാട്‌സാപ്പ് സന്ദേശങ്ങളുമള്‍പ്പെടെയുള്ള വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും.

ഇവ പാര്‍ട്ടി നേതൃത്വത്തിലേക്ക് തത്സമയം എത്തുകയും ചെയ്യും. ഇതിലൂടെ പണം വാഗ്ദാനം ചെയ്ത് തങ്ങളുടെ എംഎല്‍എമാരെ ആരെങ്കിലും സമീപിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാനും സാധിക്കും. എംഎല്‍ എമാരോട് ഇന്‍കമിങ് കോളുകള്‍ റെക്കോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് ഇത്തരം സാഹചര്യങ്ങളില്‍ എം എല്‍ എമാരെ രഹസ്യകേന്ദ്രങ്ങളില്‍ ആക്കിയിരുന്ന സമയത്ത് ഫോണുകള്‍ വാങ്ങിവയ്ക്കുകയായിരുന്നു പതിവ്. ഇന്‍കമിങ് കോളുകള്‍ റെക്കോഡ് ചെയ്യാന്‍ സൗകര്യമുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ എം എല്‍ എമാരോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.